കേരളം

kerala

ETV Bharat / sports

IND vs AUS: ഇന്‍ഡോറിലെ കുഴിയില്‍ വീണ് ഇന്ത്യ; ഓസീസിന് ഒമ്പത് വിക്കറ്റ് വിജയം - ചേതേശ്വര്‍ പുജാര

ഇന്ത്യയ്‌ക്കെതിരായ ബോർഡർ ഗവാസ്‌കർ ട്രോഫി പരമ്പരയിലെ ഇന്‍ഡോര്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്‌ക്ക് ഒമ്പത് വിക്കറ്റ് തോല്‍വി.

border gavaskar trophy  india vs australia 3rd test highlights  india vs australia  nathan lyon  cheteshwar pujara  നഥാന്‍ ലിയോണ്‍  ചേതേശ്വര്‍ പുജാര  ബോർഡർ ഗവാസ്‌കർ ട്രോഫി
ഓസീസിന് ഒമ്പത് വിക്കറ്റ് വിജയം

By

Published : Mar 3, 2023, 12:09 PM IST

ഇൻഡോർ: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്‌ക്ക് തോല്‍വി. ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് ഓസ്‌ട്രേലിയ ജയം പിടിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 77 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസീസ് മത്സരത്തിന്‍റെ മൂന്നാം ദിനമായ ഇന്ന് ആദ്യ സെഷനില്‍ തന്നെ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 78 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്.

ട്രാവിസ് ഹെഡ്‌ (53 പന്തില്‍ 49*), മാർനസ് ലാബുഷെയ്‌ന്‍ (58 പന്തില്‍ 28*) എന്നിവര്‍ പുറത്താവാതെ നിന്നാണ് സന്ദര്‍ശകരുടെ വിജയത്തിലേക്ക് നയിച്ചത്. ഉസ്‌മാന്‍ ഖവാജയുടെ വിക്കറ്റാണ് സംഘത്തിന് നഷ്‌ടമായത്. ആദ്യ ഓവറിന്‍റെ രണ്ടാം പന്തില്‍ തന്നെ ഖവാജയെ അശ്വിനാണ് പുറത്താക്കിയത്. അക്കൗണ്ട് തുറക്കാനാവാതെയാണ് താരം തിരികെ കയറിയത്.

എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച ഹെഡും ലാബുഷെയ്‌നും ചേര്‍ന്ന് ഓസീസിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇന്‍ഡോറില്‍ തോല്‍വി വഴങ്ങിയെങ്കിലും നാല് മത്സര പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിലാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നേടിയ 109 റണ്‍സിന് മറുപടിക്കിറങ്ങിയ ഓസീസ് 197 റണ്‍സ് എടുത്തിരുന്നു. ഇതോടെ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 88 റണ്‍സിന്‍റെ ലീഡ് വഴങ്ങി. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ആതിഥേയര്‍ 163 റണ്‍സിന് പുറത്താവുകയായിരുന്നു.

സ്‌കോര്‍: ഇന്ത്യ 109, 163. ഓസ്‌ട്രേലിയ 197, 78/1.എട്ട് വിക്കറ്റ് നേടിയ നഥാൻ ലിയോണാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയെ ചുരുട്ടിക്കൂട്ടിയത്. അർധ സെഞ്ചുറി നേടിയ ചേതേശ്വർ പുജാരയ്‌ക്ക് മാത്രമാണ് അൽപമെങ്കിലും പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞത്. 142 പന്തില്‍ 59 റണ്‍സാണ് താരം നേടിയത്.

ഇന്നിങ്‌സിന്‍റെ 15ാം ഓവര്‍ പിന്നിടുമ്പോഴേക്കും ഓപ്പണര്‍മാരായ ശുഭ്‌മാന്‍ ഗില്ലിനേയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയേയും ഇന്ത്യയ്‌ക്ക് നഷ്‌ടമായിരുന്നു. ശുഭ്‌മാൻ ഗില്ലിന്‍റെ വിക്കറ്റാണ് സംഘത്തിന് ആദ്യം നഷ്‌ടമായത്. 15 പന്തില്‍ 5 റണ്‍സെടുത്ത ഗില്ലിനെ കുറ്റി തെറിപ്പിച്ച് നഥാൻ ലിയോണാണ് തിരികെ കയറ്റിയത്. പിന്നാലെ രോഹിത്തും തിരികെ കയറി.

33 പന്തില്‍ 12 റണ്‍സെടുത്ത ഇന്ത്യന്‍ ക്യാപ്റ്റനെ നഥാന്‍ ലിയോണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. മൂന്നാമന്‍ പുജാര ഒരറ്റത്ത് ചെറുത്ത് നിന്നെങ്കിലും മറ്റ് താരങ്ങള്‍ വേഗം മടങ്ങി. നാലാം നമ്പറിലെത്തിയ വിരാട് കോലി രണ്ട് ഫോറുകളോടെ മികച്ച ടെച്ചിലെന്ന് തോന്നിച്ചെങ്കിലും മാത്യു കുഹ്‌നെമാന് മുന്നില്‍ വീണു. 26 പന്തില്‍ 13 റണ്‍സെടുത്ത കോലി വിക്കറ്റിന് മുന്നില്‍ കുരുങ്ങിയാണ് തിരികെ കയറിയത്.

തുടര്‍ന്നെത്തിയ രവീന്ദ്ര ജഡേജയും ശ്രദ്ധയോടെ തുടങ്ങിയെങ്കിലും ലിയോണിന് മുന്നില്‍ വീണു. 36 പന്തില്‍ ഏഴ്‌ റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്. ഈ സമയം നാല് വിക്കറ്റിന് 78 റണ്‍സ് മാത്രമായിരുന്നു ഇന്ത്യന്‍ ടോട്ടലിലുണ്ടായിരുന്നത്. ആറാമന്‍ ശ്രേയസ് അയ്യർ ചേതേശ്വർ പുജാരയ്‌ക്ക് പിന്തുണ നല്‍കിയതോടെ ഇന്ത്യയ്‌ക്ക് പ്രതീക്ഷ വച്ചിരുന്നു. എന്നാല്‍ ശ്രേയസിനെ പുറത്താക്കിയ മിച്ചൽ സ്റ്റാർക്ക് ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി.

27 പന്തില്‍ 26 റണ്‍സ് നേടിയായിരുന്നു ശ്രേയസിന്‍റെ മടക്കം. പിന്നാലെയെത്തിയ ശ്രീകർ ഭരത്തിന് അധികം ആയുസുണ്ടായിരുന്നില്ല. എട്ട് പന്തില്‍ മൂന്ന് റണ്‍സ് മാത്രം നേടിയ താരത്തെ ലിയോണാണ് മടക്കിയത്. തുടർന്നെത്തി ആര്‍ അശ്വിനെ കൂട്ടുപിടിച്ച് സ്‌കോർ ഉയർത്താനുള്ള ശ്രമം പുജാര നടത്തിയിരുന്നു. എന്നാല്‍ 28 പന്തില്‍ 16 റണ്‍സെടുത്ത അശ്വിനെ പുറത്താക്കി ലിയോണ്‍ വീണ്ടും ഇന്ത്യയ്‌ക്ക് തിരിച്ചടി നല്‍കി.

പിന്നാലെ ചേതേശ്വര്‍ പുജാരയും ലിയോണിന് മുന്നില്‍ വീണു. ഒരു സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്. തുടര്‍ന്നെത്തിയ ഉമേഷ്‌ യാദവ്, മുഹമ്മദ് സിറാജ് എന്നിവര്‍ അക്കൗണ്ട് തുറക്കും മുന്നെ മടങ്ങിയതോടെ ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു. 39 പന്തില്‍ 15 റണ്‍സുമായി അക്‌സര്‍ പട്ടേല്‍ പുറത്താവാതെ നിന്നു.

ലിയോണിന് പുറമെ മിച്ചൽ സ്റ്റാർക്ക്, മാത്യു കുഹ്‌നെമാൻ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ മാത്യു കുഹ്‌നെമാനാണ് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ തകര്‍ത്ത്. 55 പന്തില്‍ 22 റണ്‍സെടുത്ത വിരാട് കോലിയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. നഥാന്‍ ലിയോണ്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ടോഡ് മര്‍ഫി ഒരു വിക്കറ്റും നേടിയിരുന്നു.

ALSO READ:IND vs AUS: 'ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ല'; രവീന്ദ്ര ജഡേജയ്‌ക്കെതിരെ സുനില്‍ ഗവാസ്‌കര്‍

ABOUT THE AUTHOR

...view details