അഹമ്മദാബാദ് : ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ അഹമ്മദാബാദ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടി ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. 241 പന്തുകളിലാണ് കോലി സെഞ്ചുറി തികച്ചത്. ഓസീസ് സ്‌പിന്നര്‍ നഥാന്‍ ലിയോണിന്‍റെ പന്ത് ഡീപ് മിഡ് വിക്കറ്റിലേക്ക് ഫ്ലിക്ക് ചെയ്‌ത് സിംഗിള്‍ ഓടിയാണ് കോലി മൂന്നക്കം തൊട്ടത്.
വലങ്കയ്യന്‍ ബാറ്ററുടെ 28ാം ടെസ്റ്റ് സെഞ്ചുറിയും 75ാമത്തെ അന്താരാഷ്‌ട്ര സെഞ്ചുറിയുമാണിത്. അഹമ്മദാബാദിലെ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ചുറിക്കായുള്ള ഏറെ നാളത്തെ കാത്തിരിപ്പാണ് 34കാരനായ വിരാട് കോലി അവസാനിപ്പിച്ചത്.
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഫോമിലേക്ക് മടങ്ങിയെത്തിയെങ്കിലും 2019 നവംബറിലായിരുന്നു ഇതിന് മുന്‍പ് കോലിയുടെ ടെസ്റ്റ് സെഞ്ചുറി പിറന്നത്. ഇതിന് ശേഷം 41 ഇന്നിങ്‌സുകളില്‍ കളിച്ചുവെങ്കിലും സെഞ്ചുറി അകന്ന് നില്‍ക്കുകയായിരുന്നു. 79 റണ്‍സ് നേടിയതായിരുന്നു ഇക്കാലയളവില്‍ കോലിയുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍.
ഇന്ത്യ പൊരുതുന്നു:മത്സരത്തില്‍ ഇന്ത്യ ലീഡിലേക്ക് അടുക്കുകയാണ്. 145 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 419 റണ്‍സാണ് ഇന്ത്യന്‍ ടോട്ടലിലുള്ളത്. അഞ്ച് വിക്കറ്റ് ശേഷിക്കെ ഓസീസ് ഒന്നാം ഇന്നിങ്‌സില്‍ നേടിയ 480 റണ്‍സിന് 61 റണ്‍സ് മാത്രം പിറകിലാണ് നിലവില്‍ ഇന്ത്യ. സെഞ്ചുറി പിന്നിട്ട കോലിക്കൊപ്പം അക്ഷര്‍ പട്ടേലാണ് (14*) ക്രീസില്‍ തുടരുന്നത്.
മത്സരത്തിന്‍റെ നാലാം ദിനമായ ഇന്ന് മൂന്നിന് 289 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്‌ക്ക് രവീന്ദ്ര ജഡേജ, ശ്രീകര്‍ ഭരത് എന്നിവരുടെ വിക്കറ്റുകളാണ് നഷ്‌ടമായത്. കളിയുടെ ആദ്യ സെഷനില്‍ തന്നെ ജഡേജയെ ടോഡ് മര്‍ഫി ഉസ്‌മാന്‍ ഖവാജയുടെ കയ്യിലെത്തിക്കുകയായിരുന്നു.