അഹമ്മദാബാദ് : ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ അമ്മഹദാബാദ് ടെസ്റ്റിന്‍റെ മൂന്നാം ദിനത്തില്‍ പ്രതീക്ഷയോടെ ഇന്ത്യ. ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ നേടിയ 480 റണ്‍സിന് മറുപടിക്കിറങ്ങിയ ആതിഥേയര്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 36 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് രണ്ടാം ദിനം സ്‌റ്റംപെടുത്തത്. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ( 33 പന്തില്‍ 17*), ശുഭ്‌മാന്‍ ഗില്‍ ( 27 പന്തില്‍ 18*) എന്നിവരാണ് പുറത്താവാതെ നില്‍ക്കുന്നത്.
10 വിക്കറ്റുകള്‍ ശേഷിക്കെ നിലവില്‍ സന്ദര്‍ശകരേക്കാള്‍ 444 റണ്‍സ് പിന്നിലാണ് ആതിഥേയര്‍. ബോളര്‍മാര്‍ക്ക് കാര്യമായ പിന്തുണ ലഭിക്കാത്ത പിച്ചിലെ സാഹചര്യം ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് മുതലാക്കാന്‍ കഴിയുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. വലിയ ടോട്ടല്‍ പിന്തുടരുന്ന ഇന്ത്യയ്‌ക്ക് ഓപ്പണര്‍മാര്‍ നല്‍കുന്ന മികച്ച തുടക്കം ഏറെ നിര്‍ണായകമാവും.
ചേതേശ്വര്‍ പുജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍ തുടങ്ങിയ താരങ്ങളുടെ പ്രകടനത്തില്‍ ഇന്ത്യയ്‌ക്ക് വമ്പന്‍ പ്രതീക്ഷയാണുള്ളത്. മറുവശത്ത് തുടക്കം തന്നെ വിക്കറ്റുകള്‍ നേടി ഇന്ത്യയെ പ്രതിരോധത്തിലാക്കാനാവും ഓസീസിന്‍റെ ശ്രമം. ഇതോടെ അഹമ്മദാബാദില്‍ മൂന്നാം ദിനം പോര് മുറുകുമെന്നുറപ്പ്.
നേരത്തെ ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ഓസ്‌ട്രേലിയയെ മികച്ച സ്‌കോറിലേക്ക് നയിച്ചത് ഉസ്‌മാന്‍ ഖവാജ, കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെ സെഞ്ചുറി പ്രകടനമാണ്. മാരത്തണ്‍ ഇന്നിങ്‌സ് കളിച്ച് 180 റണ്‍സെടുത്ത ഓപ്പണര്‍ ഉസ്‌മാന്‍ ഖവാജയാണ് സന്ദര്‍ശകരുടെ ടോപ് സ്‌കോറര്‍.
422 പന്തുകള്‍ നേരിട്ടാണ് ഉസ്‌മാന്‍ ഖവജ തിരിച്ച് കയറിയത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു ഓസീസ് ബാറ്റര്‍ ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ നാനൂറോ അതില്‍ അധികമോ പന്തുകള്‍ നേരിടുന്നത്. കാമറൂണ്‍ ഗ്രീന്‍ 170 പന്തില്‍ 144 റണ്‍സാണ് നേടിയത്. 23കാരനായ ഗ്രീനിന്‍റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയാണിത്.
മത്സരത്തിന്‍റെ രണ്ടാം ദിനമായ ഇന്നലെ ഖവാജയും ഗ്രീനും ചേര്‍ന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് പൊളിക്കാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ പ്രയാസപ്പെട്ടു. ശ്രദ്ധയോടെയാണ് ഖവാജ ബാറ്റ് വീശിയത്. എന്നാല്‍ ഏകദിന ശൈലിയിലായിരുന്നു ഗ്രീനിന്‍റെ പ്രകടനം. ഒടുവില്‍ ഗ്രീനിനെ പുറത്താക്കി ആര്‍ അശ്വിനാണ് ഇന്ത്യയ്‌ക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്.
ഖവാജയ്‌ക്കൊപ്പം ചേര്‍ന്ന് 208 റണ്‍സ് നേടിയാണ് താരം പവലിയനിലേക്ക് തിരികെ നടന്നത്. തുടര്‍ന്നെത്തിയ അലക്‌സ് ക്യാരി, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ക്ക് അധികം ആയുസുണ്ടായിരുന്നില്ല. അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന ക്യാരി അശ്വിന്‍റെ പന്തില്‍ വമ്പനടിക്ക് ശ്രമിച്ച് അക്‌സറിന്‍റെ കയ്യില്‍ അവസാനിക്കുകയായിരുന്നു. ആറ് റണ്‍സെടുത്ത സ്റ്റാര്‍ക്കിനെ അശ്വിന്‍ ശ്രേയസിന്‍റെ കയ്യിലെത്തിച്ചു.
തുടര്‍ന്ന് ഖവാജയുടെ ചെറുത്ത് നില്‍പ്പ് അക്‌സര്‍ പട്ടേല്‍ അവസാനിപ്പിച്ചു. വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് ഖവാജയുടെ മടക്കം. പിന്നാലെ ഒമ്പതാം വിക്കറ്റില്‍ ഒന്നിച്ച നഥാന്‍ ലിയോണും ടോഡ് മര്‍ഫിയും ചേര്‍ന്ന് 70 റണ്‍സാണ് ഓസീസ് ടോട്ടലിലേക്ക് ചേര്‍ത്തത്. 61 പന്തില്‍ 41 റണ്‍സ് നേടിയ മര്‍ഫിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി അശ്വിനാണ് ഇന്ത്യയെ തിരികെ എത്തിച്ചത്.
ALSO READ:സത്യസന്ധത ആരുടെയും കുത്തകയല്ല, ഞാന്‍ അഭിമാനമുള്ള ഇന്ത്യക്കാരന്‍; ഓസീസിന് എതിരെ ഗവാസ്‌കര്‍
ഒടുവില്‍ ലിയോണിനെയും വീഴ്‌ത്തിയ അശ്വിന്‍ ഓസീസ് ഇന്നിങ്‌സിന് വിരാമമിടുകയായിരുന്നു. 96 പന്തില്‍ 34 റണ്‍സായിരുന്നു ലിയോണിന്‍റെ സമ്പാദ്യം. മാത്യു കുഹ്‌നെമാന്‍ (7 പന്തില്‍ 0*) പുറത്താവാതെ നിന്നു.
ട്രാവിസ് ഹെഡ്(44 പന്തില്‍ 32) , മാര്‍നസ് ലബുഷെയ്‌ന്‍ (20 പന്തില്‍ 3), സ്‌റ്റീവ് സ്‌മിത്ത് (135 പന്തില്‍ 38), പീറ്റര്‍ ഹാന്‍ഡ്‌സ്കോംബ് (27 പന്തില്‍ 17) എന്നിവരുടെ വിക്കറ്റുകള്‍ മത്സരത്തിന്‍റെ ഒന്നാം ദിനത്തില്‍ ഓസീസിന് നഷ്‌ടമായിരുന്നു. ഇന്ത്യയ്‌ക്കായി ആര്‍ അശ്വിന്‍ ആറ് വിക്കറ്റുകള്‍ സ്വന്തമാക്കി. മുഹമ്മദ് ഷമി രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുകള്‍ വീതമുണ്ട്.