അഹമ്മദാബാദ്: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. ആദ്യം ബാറ്റ് ചെയ്‌ത ഓസീസിന്‍റെ 480 റണ്‍സിന് മറുപടിക്കിറങ്ങിയ ഇന്ത്യ മൂന്നാം ദിനം മത്സരം അവസാനിക്കുമ്പോള്‍ 99 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 289 റണ്‍സ് എന്ന നിലയിലാണ്. അര്‍ധ സെഞ്ച്വറി പിന്നിട്ട വിരാട് കോലിയും (128 പന്തില്‍ 59* റണ്‍സ്), രവീന്ദ്ര ജഡേജയുമാണ് (54 പന്തില്‍ 16* റണ്‍സ് ) പുറത്താവാതെ നില്‍ക്കുന്നത്. ഓസീസിനേക്കാള്‍ നിലവില്‍ 191 റണ്‍സിന് പിറകിലാണ് ആതിഥേയര്‍.
സെഞ്ച്വറി നേടിയ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ഇന്ന് അവസാനം നഷ്‌ടമായത്. 235 പന്തില്‍ 12 ഫോറുകളും ഒരു സിക്‌സും സഹിതം 128 റണ്‍സാണ് ഗില്‍ നേടിയത്. 23കാരന്‍റെ ടെസ്റ്റ് കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ച്വറിയാണിത്.
കഴിഞ്ഞ ഡിസംബറില്‍ ബംഗ്ലാദേശിനെതിരായാണ് ക്രിക്കറ്റിന്‍റെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ ഗില്‍ ആദ്യമായി സെഞ്ച്വറി നേടിയത്. എന്നാല്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ താരത്തിന് പുറത്തിരിക്കേണ്ടി വന്നു. ഒടുവില്‍ മോശം ഫോമിലുള്ള കെഎല്‍ രാഹുല്‍ പുറത്തായതോടെയാണ് ഗില്ലിന് പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചത്.
എന്നാല്‍ ഇന്‍ഡോറില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ നിരാശപ്പെടുത്തിയ താരത്തിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. അക്കൂട്ടര്‍ക്കുള്ള ഗില്ലിന്‍റെ മറുപടിയായി അഹമ്മദാബാദിലെ തകര്‍പ്പന്‍ പ്രകടനത്തെ കണക്കാക്കാം. അതേസമയം വിക്കറ്റ് നഷ്‌ടമില്ലാതെ 36 റണ്‍സ് എന്ന നിലയില്‍ ഇന്ന് ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്‌ക്കായി ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്‌മാന്‍ ഗില്ലും ചേര്‍ന്ന് അനായാസമാണ് ബാറ്റ് വീശിയത്.
എന്നാല്‍ 21-ാം ഓവറിന്‍റെ ആറാം പന്തില്‍ ഇന്ത്യയ്‌ക്ക് രോഹിത്തിനെ നഷ്‌ടമായി. മാത്യൂ കുനെഹ്‌മാന്‍റെ പന്തില്‍ ഷോര്‍ട്ട് കവറില്‍ മര്‍നസ് ലബുഷെയ്‌നിന് ക്യാച്ച് നല്‍കിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മടങ്ങിയത്. 58 പന്തില്‍ മൂന്ന് ഫോറുകളും ഒരു സിക്‌സും സഹിതം 35 റണ്‍സാണ് രോഹിത് നേടിയത്.
ഒന്നാം വിക്കറ്റില്‍ ഗില്ലിനൊപ്പം 74 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് രോഹിത് ഉയര്‍ത്തിയത്. തുടര്‍ന്നെത്തിയ ചേതേശ്വര്‍ പുജാരയോടൊപ്പം ഗില്‍ ആതിഥേയരെ മുന്നോട്ട് നയിച്ചു. ഇരുവരും ക്രീസില്‍ നിലയുറപ്പിച്ചതോടെ ഓസീസ് ബോളര്‍മാര്‍ പാടുപെട്ടു. എന്നാല്‍ 62-ാം ഓവറിന്‍റെ അവസാന പന്തില്‍ പുജാരയെ വീഴ്‌ത്തി ടോഡ് മര്‍ഫി ഓസീസിന് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കി. 121 പന്തില്‍ മൂന്ന് ഫോറുകളോടെ 42 റണ്‍സെടുത്താണ് പുജാര മടങ്ങിയത്.
രണ്ടാം വിക്കറ്റില്‍ ഗില്ലും പുജാരയും ചേര്‍ന്ന് 113 റണ്‍സാണ് ഇന്ത്യന്‍ ടോട്ടലില്‍ ചേര്‍ത്തത്. അധികം വൈകാതെ ഗില്ലിനെയും ഇന്ത്യയ്‌ക്ക് നഷ്‌ടമായി. നഥാന്‍ ലിയോണിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങിയാണ് താരം തിരികെ നടന്നത്. പുറത്താകും മുമ്പ് നാലാം നമ്പറിലെത്തിയ വിരാട് കോലിയോടൊപ്പം 58 റണ്‍സ് ചേര്‍ത്താണ് ഗില്‍ മടങ്ങിയത്. തുടര്‍ന്ന് ഒന്നിച്ച കോലിയും ജഡേജയും നാലാം വിക്കറ്റില്‍ 44 റണ്‍സ് ചേര്‍ത്തിട്ടുണ്ട്.
നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ഓസീസിനെ ഉസ്‌മാന്‍ ഖവാജ, കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെ സെഞ്ച്വറി പ്രകടനമാണ് മികച്ച നിലയില്‍ എത്തിച്ചത്. ബോളര്‍മാര്‍ക്ക് യാതൊരുപിന്തുണയും ലഭിക്കാതിരുന്ന പിച്ചില്‍ ആറ് വിക്കറ്റ് വീഴ്‌ത്തിയ ആര്‍ അശ്വിന്‍റെ പ്രകടനമാണ് ഓസീസിനെ പിടിച്ച് കെട്ടുന്നതില്‍ ഇന്ത്യയ്‌ക്ക് നിര്‍ണായകമായത്. ഉസ്‌മാന്‍ ഖവാജ 422 പന്തുകളില്‍ നിന്നും 180 റണ്‍സെടുത്തു. 170 പന്തില്‍ 144 റണ്‍സാണ് കാമറൂണ്‍ ഗ്രീന്‍ നേടിയത്.
ALSO READ:IND vs AUS: രോഹിത് ശര്‍മയ്‌ക്ക് വമ്പന്‍ റെക്കോഡ്; ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ മാത്രം ഇന്ത്യന്‍ താരം