നാഗ്‌പൂര്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്‌ക്ക് നാളെ (09.02.23) നാഗ്‌പൂരില്‍ തുടക്കമാവുകയാണ്. ഇരു ടീമുകള്‍ക്കും അഭിമാനപ്പോരാട്ടമാണെങ്കിലും ഇന്ത്യയെ സംബന്ധിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് പ്രവേശിക്കാന്‍ പരമ്പരയുടെ ഫലം ഏറെ നിര്‍ണാകമാണ്. 2004ന് ശേഷം ഇന്ത്യയില്‍ മറ്റൊരു ടെസ്റ്റ് പരമ്പരയാണ് ഓസീസ് ലക്ഷ്യം വയ്‌ക്കുന്നത്.
നാഗ്‌പൂരില്‍ മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, കാമറൂൺ ഗ്രീൻ എന്നിവരില്ലാതെയാണ് ഓസീസ് ഇറങ്ങുക. ശ്രേയസ് അയ്യരുടെ അഭാവം ഇന്ത്യയ്‌ക്ക് തിരിച്ചടിയാണ്. ഇതോടെ ആതിഥേയരുടെ മധ്യനിരയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.
മധ്യനിരയില്‍ സ്ഥാനം നേടാന്‍ ശുഭ്‌മാന്‍ ഗില്ലും അരങ്ങേറ്റക്കാരൻ സൂര്യകുമാർ യാദവും തമ്മിലാണ് മത്സരമെന്നാണ് സംസാരം. ഇതിനിടെ ഇന്ത്യയുടെ പ്ലേയിങ് ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക്. ട്വിറ്ററിലൂടെയാണ് താരം തന്‍റെ ഫേവറേറ്റ് ഇലവന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഫോമിലുള്ള ഗില്ലിന് പകരം സൂര്യകുമാര്‍ യാദവിനെ ഉള്‍പ്പെടുത്തിയാണ് കാര്‍ത്തികിന്‍റെ തെരഞ്ഞെടുപ്പെന്നത് ശ്രദ്ധേയം. കെഎൽ രാഹുലും രോഹിത് ശർമയുമാണ് ഓപ്പണര്‍മാര്‍. ചേതേശ്വര്‍ പുജാരയും വിരാട് കോലിയും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലെത്തും. ഗില്ലിന് പകരം തെരഞ്ഞെടുത്ത സൂര്യയ്‌ക്ക് അഞ്ചാം നമ്പറിലാണ് കാര്‍ത്തിക് സ്ഥാനം നല്‍കിയിരിക്കുന്നത്.
മൂന്ന് സ്‌പിന്നര്‍മാരാണ് പ്ലേയിങ് ഇലവനിലുള്ളത്. രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഇടം നേടിയപ്പോള്‍ കുല്‍ദീപ് യാദവ് പുറത്തായി. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജുമാണ് ടീമിലെ പേസര്‍മാര്‍.