മുംബൈ:ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുന്‍ നായകനും ഇതിഹാസ ഇടങ്കയ്യന്‍ സ്പിന്നറുമായ ബിഷൻ സിങ് ബേദി (77) അന്തരിച്ചു (Bishan Singh Bedi Passes Away). അസുഖത്തെ തുടർന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 1967 നും 1979 നും ഇടയിൽ ഇന്ത്യക്കായി 67 ടെസ്റ്റുകൾ കളിച്ച ബിഷൻ സിങ് ബേദി 266 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. കൂടാതെ, പത്ത് ഏകദിനങ്ങളിൽ നിന്ന് ഏഴ് വിക്കറ്റുകള്‍ നേടാനും ബിഷൻ സിങ് ബേദിയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്.
ഏരപ്പള്ളി പ്രസന്ന (Erapalli Prasanna), ബിഎസ് ചന്ദ്രശേഖര്‍ (BS Chandrasekhar), എസ് വെങ്കിട്ടരാഘവന്‍ (S Venkataraghavan) എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ സ്പിന്‍ ബോളിങ്ങില്‍ വിപ്ലവം തീര്‍ത്ത തലമുറയുടെ ഭാഗമായിരുന്നു ബിഷൻ സിങ് ബേദി. ഇന്ത്യയുടെ ആദ്യ ഏകദിന വിജയത്തിൽ നിർണായക പങ്കുവഹിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു.
1975 ലോകകപ്പില്‍ ഈസ്റ്റ് ആഫ്രിക്കയ്‌ക്കെതിരെയായരുന്നു ഏകദിനത്തില്‍ ഇന്ത്യ ആദ്യ വിജയം നേടിയത്. മത്സരത്തില്‍ 12 ഓവറില്‍ വെറും ആറ് റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റായിരുന്നു ബിഷൻ സിങ് ബേദി വീഴ്‌ത്തിയത്. താരം എറിഞ്ഞ 12 ഓവറുകളില്‍ എട്ടെണ്ണം മെയ്‌ഡനായിരുന്നു.
അമൃത്സറില്‍ 1946 സെപ്‌റ്റംബര്‍ 25-നായിരുന്നു ബിഷൻ സിങ് ബേദിയുടെ ജനനം. ഇടങ്കയ്യന്‍ ഓർത്തഡോക്സ് സ്പിന്നറായിരുന്നു താരത്തിന്‍റെ ബൗളിങ് ശൈലിയും ഏറെ പേരുകേട്ടതായിരുന്നു. 1971-ല്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ചരിത്രപരമായ പരമ്പര വിജയം നേടുമ്പോള്‍ ടീമിനെ നയിച്ചത് ബിഷൻ സിങ് ബേദിയായിരുന്നു. പരിക്കേറ്റ അജിത് വഡേക്കറുടെ അഭാവത്തിലായിരുന്നു ബേദിയ്‌ക്ക് ടീമിന്‍റെ ചുമതല ലഭിച്ചത്.
ഇംഗ്ലണ്ട് ടീമിനെതിരായ വിജയം ക്രിക്കറ്റ് രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയുടെ പ്രശസ്‌തി ഉറപ്പിയ്‌ക്കുന്നതായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലും മികച്ച റെക്കോഡാണ് ബേദിയ്‌ക്കുള്ളത്. പ്രത്യേകിച്ച് ഡൽഹി ടീമിനൊപ്പമുള്ള താരത്തിന്‍റെ കരിയര്‍ ഏറെ ശ്രദ്ധേയമാണ്. ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിന് ശേഷം പരിശീലകന്‍റെ കുപ്പായമണിഞ്ഞ ബേദി നിരവധി സ്പിൻ ബോളർമാരുടെ ഉപദേശകനായി പ്രവര്‍ത്തിക്കുകയും ഇന്ത്യയിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ വളർത്തിയെടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്‌തിരുന്നു. കമന്‍റേറ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
അനുശോചിച്ച് അമിത് ഷാ: ബേദിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit shah) സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പോസ്റ്റിട്ടിട്ടുണ്ട്. "ഇതിഹാസ സ്പിന്നറും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുൻ ക്യാപ്റ്റനുമായ ബിഷൻ സിങ് ബേദി ജിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
ബേദി ജി ക്രിക്കറ്റ് ലോകത്തിന് നൽകിയ സംഭാവനകളിലൂടെ മാത്രമല്ല, പിച്ചിൽ മാന്ത്രികത നെയ്യാൻ കഴിയുന്ന തന്ത്രശാലിയായ ബോളിങ്ങിന്‍റെ മാസ്റ്റർ എന്ന നിലയിലും അദ്ദേഹം നമ്മുടെ ഓർമ്മകളിൽ ജീവിക്കും. ദുഃഖത്തിന്‍റെ ഈ വേളയിൽ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളോടും ആരാധകരോടും എന്റെ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു", അമിത് ഷാ എക്‌സ് അക്കൗണ്ടില്‍ കുറിച്ചു.