മുംബൈ:ഇന്ത്യയുടെ ഏറ്റവും മികച്ച സ്വിങ് ബോളര്‍മാരില്‍ ഒരാളാണ് വെറ്ററന്‍ താരം ഭുവനേശ്വര്‍ കുമാര്‍. ടീം ഇന്ത്യയുടെ മികച്ച വിജയങ്ങളില്‍ പലപ്പോഴും ഭുവി എന്നറിയപ്പെടുന്ന ഉത്തർപ്രദേശ് താരം നിർണായക പങ്ക് വഹിച്ചിട്ടുമുണ്ട്. എന്നാല്‍ സമീപ കാലത്തായി ഇന്ത്യന്‍ ടീമിന് പുറത്താണ് 33-കാരനായ ഭുവനേശ്വര്‍ കുമാറിന്റെ സ്ഥാനം. പരിക്കും മോശം ഫോമും അലട്ടിയതിനൊപ്പം യുവ താരങ്ങളുടെ കടന്നുവരവുമാണ് ഭുവനേശ്വര്‍ കുമാറിനെ ദേശീയ ടീമിന് പുറത്തിരുത്തിയത്.
ഇപ്പോഴിതാ ഭുവനേശ്വർ കുമാർ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുകയാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമിലെ തന്റെ ബയോയില്‍ നിന്നും 'ഇന്ത്യന്‍ ക്രിക്കറ്റര്‍' എന്നത് 33-കാരൻ മാറ്റിയതാണ് ആഭ്യൂഹങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്. നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റര്‍ എന്നുണ്ടായിരുന്ന സ്ഥാനത്ത് നിലവില്‍ 'ഇന്ത്യന്‍' എന്ന് മാത്രമാണ് കാണാന്‍ കഴിയുന്നത്.
2018-ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ജോഹന്നാസ്ബര്‍ഗിലാണ് ഭുവനേശ്വര്‍ കുമാര്‍ അവസാനമായി ഇന്ത്യയ്ക്കായി ടെസ്റ്റിനിറങ്ങിയത്. 2022 ജനുവരിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ പാർലിലായിരുന്നു അവസാന ഏകദിനം. ഇതേവര്‍ഷം നവംബറില്‍ നേപ്പിയറില്‍ ന്യൂസിലന്‍ഡിന് എതിരെയാണ് ടി20യിലും താരം അവസാനമായി കളിച്ചത്.
ഈ വർഷം ബിസിസിഐ കരാര്‍ ഭുവിക്ക് നഷ്ടപ്പെട്ടിരുന്നു. ഇതോടൊപ്പം ഏഷ്യ കപ്പും പിന്നാലെ സ്വന്തം മണ്ണില്‍ ഏകദിന ലോകകപ്പും ഉള്‍പ്പെടെ നടക്കാനിരിക്കെ സെലക്ടര്‍മാരുടെ റഡാറില്‍ ഭുവേശ്വര് കുമാറിന് സ്ഥാനമില്ലെന്ന് വ്യക്തമാണ്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ് നിലവില്‍ ഇന്ത്യയുടെ പ്രധാന പേസര്‍മാര്‍. ഇവര്‍ക്ക് പുറമെ ഉമ്രാന് മാലിക്, മുകേഷ് കുമാര്‍ തുടങ്ങിയ താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ബിസിസിഐ ശ്രമം നടത്തുന്നുമുണ്ട്.