ബെഞ്ചമിൻ ആഡ്രൂ സ്റ്റോക്‌സ്... ടെസ്റ്റ്, ഏകദിനം, ടി20 ഫോർമാറ്റ് ഏതുമാകട്ടെ, ഫൈനലുകളിൽ എതിർ ടീമിന്‍റെ അന്തകനാകും ബെൻ സ്റ്റോക്‌സ് എന്ന ഈ 31 കാരൻ. ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ ഫൈനലിലും ബെൻ സ്റ്റോക്‌സിന്‍റെ മാസ്‌മരിക പ്രകടനത്തിലൂടെയാണ് ഇംഗ്ലണ്ട് രണ്ടാം ടി20 കിരീടം സ്വന്തമാക്കിയത്. ഒരു ഘട്ടത്തിൽ മത്സരത്തിൽ പാകിസ്ഥാൻ പിടിമുറുക്കിയെങ്കിലും 49 പന്തിൽ 52 റണ്‍സുമായി ക്രീസിലുറച്ച ബെൻ സ്റ്റോക്‌സ് വിജയം പിടിച്ചെടുത്ത് ഒരിക്കൽക്കൂടി ഇംഗ്ലണ്ടിന്‍റെ ഹീറോയായി മാറുകയായിരുന്നു.
2019ലെ ഏകദിന ലോകകപ്പിൽ ടീമിനെ വിജയത്തിലേക്കെത്തിച്ചതോടെയാണ് ഇംഗ്ലണ്ടിന്‍റെ രക്ഷകനായി സ്റ്റോക്‌സ് വാഴ്‌ത്തപ്പെട്ടത്. ഇംഗ്ലണ്ട് തോൽവിയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ഫൈനൽ മത്സരം സൂപ്പർ ഓവറിൽ എത്തിച്ചതും തുടർന്ന് കിരീടം നേടിയതും ബെൻ സ്റ്റോക്‌സ് എന്ന രക്ഷകനായിരുന്നു. ടീമിന്‍റെ ബാറ്റിങ് നിര തകർന്നടിഞ്ഞപ്പോഴും 84 റണ്‍സുമായി ഒറ്റയാൾ പോരാട്ടം നടത്തി സ്റ്റോക്‌സ് ഇംഗ്ലണ്ടിന് കിരീടം നേടിക്കൊടുക്കുകയായിരുന്നു.
അവിശ്വസനീയം, ആഷസ് : പിന്നീട് സ്റ്റോക്‌സ് ഇംഗ്ലണ്ടിന്‍റെ രക്ഷകനായെത്തിയത് ആഷസ് പരമ്പരയിലായിരുന്നു. കനത്ത തോൽവിയിലേക്കെന്ന് ഇംഗ്ലണ്ട് ആരാധകർ പോലും എന്തിന് സ്വന്തം ടീം അംഗങ്ങൾ പോലും ഉറപ്പിച്ച ആഷസ് പരമ്പരയിലെ അവസാന മത്സരത്തിൽ ഒറ്റയാൾ പോരാട്ടം നടത്തിയാണ് സ്റ്റോക്‌സ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് എത്തിച്ചത്.
ഓസ്‌ട്രേലിയയുടെ 359 റണ്‍സ് പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് ഒരു ഘട്ടത്തിൽ 9 വിക്കറ്റ് നഷ്‌ടത്തിൽ 286 എന്ന നിലയിലായിരുന്നു. എന്നാൽ 219 പന്തിൽ 135 റണ്‍സുമായി പുറത്താകാതെ നിന്ന സ്റ്റോക്‌സ് ഇംഗ്ലണ്ടിന് വിജയം നേടിക്കൊടുക്കുകയായിരുന്നു. അന്ന് ആ വിജയത്തെ അവിശ്വസനീയതയോടെയാണ് ലോകം നോക്കിക്കണ്ടത്.