ബ്രിസ്‌ബെയ്ന്‍ : ആഷസ് ടെസ്റ്റിന്‍റെ രണ്ടാം ദിനം നോബോളുകൾ കണ്ടെത്തുന്നതിൽ പരാജയപ്പെട്ട് ഫീൽഡ് അമ്പയർമാർ. ഒന്നും രണ്ടും തവണയല്ല 12 നോബോളുകളാണ് അമ്പയറുടെ ശ്രദ്ധയിൽ പെടാതെ പോയത്. ഈ ബോളുകളെല്ലാം എറിഞ്ഞതാകട്ടെ ഇംഗ്ലീഷ് ഓൾ റൗണ്ടർ ബെൻ സ്റ്റോക്‌സും.
ഒന്നാം ടെസ്റ്റിന്‍റെ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിനെതിരെ ബോളെറിഞ്ഞ സ്റ്റോക്‌സ് 14 തവണയാണ് ഓവർ സ്റ്റെപ്പായത്. ഇതിൽ രണ്ട് തവണ മാത്രമാണ് അമ്പയർ നോബോൾ വിളിച്ചത്. എന്നാൽ ഡേവിഡ് വാർണറുടെ വിക്കറ്റ് പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തായത്. പരിശോധനയിൽ ആ ഓവറിൽ സ്റ്റോക്‌സ് എറിഞ്ഞ ആദ്യ നാല് ഡെലിവറിയും നോബോൾ ആണെന്ന് കണ്ടെത്തി.
ഫ്രണ്ട് ഫൂട്ട് നോബോളുകൾ പരിശോധിച്ച് ഫീൽഡ് അമ്പയറെ ധരിപ്പിക്കാനുള്ള ചുമതല തേർഡ് അമ്പയറിനാണ്. എന്നാൽ ഇത് കണ്ടെത്തുന്ന സാങ്കേതിക വിദ്യ ആദ്യ ടെസ്റ്റിന് മുൻപ് തകരാറിലാവുകയായിരുന്നു. ഇതോടെ വിക്കറ്റ് വീഴുന്ന പന്തുകൾ മാത്രം തേർഡ് അമ്പയര്‍ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.
ALSO READ:Virat Kohli | 2021ൽ ഏറ്റവുമധികം ലൈക്ക് കോലിയുടെ 'പുതിയ അധ്യായ' ട്വീറ്റിന്
അതേസമയം ഒരാള്‍ തന്നെ 14 നോബോൾ എറിഞ്ഞിട്ടും ശ്രദ്ധയിൽപ്പെടുത്താത്ത അമ്പയർമാർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ താരങ്ങളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. മുൻ ഓസീസ് താരം റിക്കിപോണ്ടിങ് ഉൾപ്പടെ വിമർശനം ഉന്നയിച്ച് രംഗത്തെത്തി.