മുംബൈ:ഇന്ത്യ-അഫ്‌ഗാനിസ്ഥാൻ ടി20 പരമ്പര വ്യാഴാഴ്ച മൊഹാലിയിൽ ആരംഭിക്കുമ്പോൾ, ശ്രദ്ധാകേന്ദ്രങ്ങള്‍ വിരാട് കോലിയും രോഹിത് ശർമ്മയുമാണ്. 2022-ലെ ടി20 ലോകകപ്പിന് ശേഷം രോഹിത്തും കോലിയും ഇന്ത്യയ്‌ക്കായി ടി20 കളിച്ചിട്ടില്ല. ഇതോടെ 14 മാസങ്ങള്‍ നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് ഇരുവരും ഫോര്‍മാറ്റിലേക്ക് തിരികെ എത്തുന്നത്.
2022-ലെ ടി20 ലോകകപ്പിന് ശേഷം രോഹിത്തിന്‍റേയും കോലിയുടേയും ടി20 കരിയര്‍ ഏറെക്കുറെ അവസാനിച്ചുവെന്നായിരുന്നു പൊതുവെയുള്ള സംസാരം. സ്‌പെഷ്യലിസ്റ്റുകളെ ഉള്‍പ്പെടുത്തി 2024-ലെ ടി20 ലോകകപ്പിനായി ടീം തയ്യാറാക്കാനുള്ള ബിസിസിഐയുടെ ശ്രമമായിരുന്നു ഇതിന് അടിവരയിട്ടത്. എന്നാല്‍ ടി20 ലോകകപ്പിന് തൊട്ടുമുമ്പെ രോഹിത്തും കോലിയും ടീമിലേക്ക് മടങ്ങിയെത്തിയതോടെ ഇരുവരും ടൂര്‍ണമെന്‍റില്‍ സെലക്‌ടര്‍മാരുടെ പദ്ധതികളിലുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്.
ജൂണില്‍ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിന് മുന്നെ ഫോര്‍മാറ്റില്‍ ഇന്ത്യ കളിക്കുന്ന അവസാന പരമ്പരയാണ് അഫ്‌ഗാനിസ്ഥാനെതിരായത്. ഇതോടെ പര്യടനത്തില്‍ ഇരുവരുടേയും ഫോം സൂക്ഷ്‌മമായി തന്നെ നിരീക്ഷിക്കപ്പെടും. ഇതിനിടെ വിരാട് കോലിയുമായി ബിസിസിഐ സെലക്‌ടര്‍മാര്‍ ചര്‍ച്ച നടത്തിയെന്ന വിവരം പുറത്ത് വന്നിരിക്കുകയാണ്. (BCCI Selectors Met Virat Kohli ahead of India vs Afghanistan T20Is)
ബിസിസിഐ കേന്ദ്രങ്ങളെ ഉദ്ധരിച്ചുള്ള ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തിന്‍റെ റിപ്പോര്‍ട്ട് പ്രകാരം, ക്രിക്കറ്റിന്‍റെ ചെറിയ ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമില്‍ കോലിയുടെ റോളും, തങ്ങള്‍ എന്താണ് താരത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത് എന്നതും സംബന്ധിച്ച കാര്യങ്ങളിലാണ് ചര്‍ച്ച നടന്നതെന്നാണ് വിവരം. നേരത്തെ കേപ്‌ടൗണില്‍ വച്ച് ബിസിസിഐ ചീഫ് സെലക്‌ടർ അജിത് അഗാർക്കർ കോലിയെ കണ്ടതായും റിപ്പോർട്ടില്‍ പറയുന്നുണ്ട്.