മിര്‍പൂര്‍ : ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ മൂന്നാം ദിനം ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി മറക്കാന്‍ ആഗ്രഹിക്കുമെന്നുറപ്പാണ്. ഫീല്‍ഡിങ്ങില്‍ അമ്പേ പരാജയമായ താരത്തിന് തുടര്‍ന്ന് ബാറ്റിങ്ങിലും തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഫീല്‍ഡിങ്ങിനിടെ നാല് ക്യാച്ചുകളാണ് 34കാരന്‍ നിലത്തിട്ടത്.
ഇതില്‍ ബംഗ്ലാദേശിന്‍റെ ടോപ് സ്‌കോററായ ലിറ്റണ്‍ ദാസിന് മൂന്ന് തവണയാണ് കോലി ജീവന്‍ നല്‍കിയത്. അക്‌സർ പട്ടേല്‍ എറിഞ്ഞ 44ാം ഓവറിൽ ലിറ്റണെ രണ്ട് തവണ വിട്ടുകളഞ്ഞ താരം തുടര്‍ന്ന് അശ്വിന്‍റെ ഓവറിലും ദാസിന്‍റെ ക്യാച്ച് പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെട്ടു. ക്യാച്ചുകൾ തുടര്‍ച്ചയായി നഷ്‌ടയമായതില്‍ കോലി അസ്വസ്ഥനായിരുന്നു.
പിന്നാലെ ബാറ്റ് ചെയ്യാനിറങ്ങിയപ്പോഴും കാര്യമായി ഒന്നും ചെയ്യാന്‍ കോലിക്ക് കഴിഞ്ഞില്ല. 22 പന്തുകള്‍ നേരിട്ട താരം ഒരു റണ്‍ മാത്രം നേടി പുറത്താവുകയായിരുന്നു. മെഹ്‌ദി ഹസന്‍റെ പന്തില്‍ മൊമീനുള്‍ ഹഖ് പിടികൂടിയാണ് കോലി ഔട്ട് ആയത്.