കൊളംബോ:ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ചിരവൈരികളായ ഇന്ത്യയെ നേരിടാനുള്ള ഒരുക്കത്തിലാണ് പാകിസ്ഥാന്‍ (India vs Pakistan). കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നാളെയാണ് മത്സരം നടക്കുന്നത്. മത്സരത്തിന് മുന്നോടിയായി തങ്ങളുടെ പേസ് നിരയിലുള്ള വിശ്വാസം എത്രത്തോളമെന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം (Babar Azam).
തങ്ങളുടെ പേസ് യൂണിറ്റ് എല്ലാവരിലും ആധിപത്യം പുലർത്തുന്നതാണെന്നും വലിയ മത്സരങ്ങളില്‍ ടീമിനെ വിജയിപ്പിക്കാന്‍ അവര്‍ക്ക് കഴിയുമെന്നുമാണ് ബാബര്‍ അസം പറയുന്നത് (Babar Azam on Pakistan pace unit). "എന്‍റെ പേസർമാരിൽ ഞാൻ അഭിമാനിക്കുന്നു. ഞങ്ങൾ എല്ലാവരിലും ആധിപത്യം പുലർത്തുന്നു.
വലിയ മത്സരങ്ങളും ടൂർണമെന്‍റുകളും ഫാസ്റ്റ് ബോളർമാരാണ് വിജയിപ്പിക്കുന്നത്. അവരില്‍ എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. ഒറ്റക്കെട്ടായി നിൽക്കുന്നതും തങ്ങളില്‍ തന്നെ വിശ്വസിക്കുകയും ചെയ്യുന്നു എന്നതാണ് അവരുടെ വിജയത്തിന് പിന്നിലെ രഹസ്യം. ഒരാള്‍ക്ക് ഒരു ദിവസം നല്ലതല്ലെങ്കില്‍, മറ്റൊരാള്‍ മുന്നോട്ടുവന്ന് അതിന് മറയ്‌ക്കുന്ന പ്രകടനമാണ് നടത്താറുള്ളത്"- ബാബര്‍ അസം പറഞ്ഞു.
ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സിന് ഓള്‍ ഔട്ട് ആയിരുന്നു. പാക് പേസ് ആക്രമണത്തില്‍ മുന്‍ നിര തകര്‍ന്നതോടെ ഒരു ഘട്ടത്തില്‍ നാലിന് 66 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് ഇഷാന്‍ കിഷന്‍- ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ടീമിനെ മാന്യമായ നിലയില്‍ എത്തിച്ചത്. ഇന്ത്യന്‍ ഇന്നിങ്‌സിന് ശേഷം മഴ ശക്തമായതോടെ പാകിസ്ഥാന് ഒരു പന്ത് പോലും ബാറ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.
ALSO READ: Venkatesh Prasad against Asian Cricket Council 'എന്തൊരു തീരുമാനമാണത്', മഴ കളിച്ചാല്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും മാത്രം പ്രത്യേക നിയമമോ... തുറന്നടിച്ച് വെങ്കിടേഷ് പ്രസാദ്
ഇന്ത്യൻ സ്‌ക്വാഡ് (Asia Cup 2023 India Squad): രോഹിത് ശർമ (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, തിലക് വർമ, ഇഷാൻ കിഷൻ, ശുഭ്‌മാൻ ഗിൽ, സൂര്യകുമാർ യാദവ്, ശാർദുൽ താക്കൂർ, അക്‌സർ പട്ടേൽ, വിരാട് കോലി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്‌ണ, സഞ്ജു സാംസണ്‍ (ബാക്കപ്പ്).
പാകിസ്ഥാന്‍ സ്‌ക്വാഡ് (Asia Cup 2023 Pakistan Squad): ബാബർ അസം (ക്യാപ്റ്റൻ), ഷദാബ് ഖാൻ (വൈസ് ക്യാപ്റ്റൻ), ഇഫ്‌തിഖർ അഹമ്മദ്, ഇമാം ഉൾ ഹഖ്, സൽമാൻ അലി ആഗ, തയ്യബ് താഹിർ, മുഹമ്മദ് റിസ്വാൻ, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, അബ്‌ദുല്ല ഷഫീഖ്, ഫഖർ സമാൻ, ഉസാമ മിർ, ഫഹീം അഷ്‌റഫ്, ഹാരിസ് റൗഫ്, മുഹമ്മദ് വസീം ജൂനിയർ, നസീം ഷാ, ഷഹീൻ ഷാ അഫ്രീദി.