ഹരാരെ (സിംബാബ്‌വെ): അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 2,000 റണ്‍ നേടുന്ന താരമെന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ റെക്കോഡ് തകര്‍ത്ത് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് ബാബര്‍ അസം കോലിയുടെ റെക്കോഡ് മറികടന്നത്.
വേഗത്തില്‍ 2,000 റണ്‍ ; കോലിയെ മറികടന്ന് ബാബര്‍ അസം - കോലി
സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് ബാബര്‍ അസം കോലിയുടെ റെക്കോഡ് മറികടന്നത്.
52 ഇന്നിങ്സുകളില്‍ നിന്നാണ് അസം 2000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ടത്. അതേസമയം 56 ഇന്നിങ്സുകളില്‍ നിന്നാണ് കോലി 2,000 റണ്‍സ് കണ്ടെത്തിയത്. ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (62 ഇന്നിങ്സ്), ന്യൂസിലൻഡ് മുൻ ക്യാപ്റ്റൻ ബ്രെൻഡൻ മക്കല്ലം (66 ഇന്നിങ്സ്) എന്നിവരാണ് മൂന്നും നാലും സ്ഥാനത്തുള്ളത്. ഇവരടക്കം 11 താരങ്ങളാണ് ടി20യില്‍ 2,000 റണ്‍സ് കണ്ടെത്തിയിട്ടുള്ളത്.
അതേസമയം കഴിഞ്ഞ ബുധനാഴ്ച പുറത്തിറങ്ങിയ ഐസിസിയുടെ ടി20 റാങ്കിങ്ങില്‍ കോലി അഞ്ചാം സ്ഥാനത്ത് തുടർന്നെങ്കിലും ബാബർ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തി. എന്നാല്‍ അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നേട്ടം ഇപ്പോഴും ഇന്ത്യന്‍ ക്യാപ്റ്റന് സ്വന്തമാണ്. 52.65 ശരാശരിയില്‍ 3159 റണ്‍സാണ് കോലി കണ്ടെത്തിയിട്ടുള്ളത്. അതേസമയം 2035 റണ്‍സോടെ 11ാം സ്ഥാനത്താണ് ബാബറുള്ളത്.