ദുബായ് : ടി20 ലോകകപ്പിൽ പാകിസ്ഥാൻ അഫ്‌ഗാനിസ്ഥാൻ മത്സരത്തിനിടെ അന്താരാഷ്‌ട്ര ടി20യിൽ ബാറ്റിങ്ങിലും ബോളിങ്ങിലും രണ്ട് പുത്തൻ റെക്കോഡുകൾ കൂടി പിറന്നു. ബാറ്റിങ്ങിലെ റെക്കോഡ് സ്വന്തമാക്കിയത് പാക് നായകൻ ബാബർ അസം ആണെങ്കിൽ ബോളിങ്ങിലെ റെക്കോഡ് സ്വന്തമാക്കിയത് അഫ്‌ഗാൻ സ്റ്റാർ ബോളർ റാഷിദ് ഖാനും.
രാജ്യാന്തര ടി20യിൽ ഏറ്റവും വേഗത്തിൽ 1000 റണ്‍സ് പൂർത്തിയാക്കുന്ന ക്യാപ്‌റ്റൻ എന്ന നേട്ടമാണ് ബാബർ അസം സ്വന്തമാക്കിയത്. ഇന്ത്യൻ നായകൻ വിരാട് കോലിയെ പിന്തള്ളിയാണ് ബാബർ ഈ നേട്ടം സ്വന്തം പേരിൽ കുറിച്ചത്. 26 ഇന്നിങ്‌സുകളിൽ നിന്നാണ് ബാബർ 1000 റണ്‍സ് എന്ന നേട്ടം കൊയ്‌തത്.
30 ഇന്നിങ്സുകളിൽ നിന്നാണ് കോലി ക്യാപ്റ്റനെന്ന നിലയിൽ 1000 റണ്‍സ് തികച്ചത്. ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുപ്ലസി (31), ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (32), ന്യൂസിലാൻഡിന്‍റെ കെയ്ൻ വില്യംസൻ (36) എന്നിവർ കോലിക്ക് പിന്നിലായുണ്ട്.