ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പോയിന്‍റ് പട്ടികയില്‍ അവസാനമായിരുന്നു ഓസ്‌ട്രേലിയന്‍ (Australia) ടീമിന്‍റെ സ്ഥാനം. ലോകകപ്പിലേക്ക് ഓസീസിന് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് പലരും വിധിയെഴുതിയ സമയം. അവിടെന്നായിരുന്നു യഥാര്‍ഥ ചാമ്പ്യന്മാരെപ്പോലെയുള്ള കങ്കാരുപ്പടയുടെ കുതിപ്പ്, ആ കുതിപ്പ് എത്തി നില്‍ക്കുന്നത് ലോക കിരീടത്തിന്‍റെ പടിവാതില്‍ക്കലും.
ലോകകപ്പിലെ ആറാം കിരീടം തേടിയാണ് 'മൈറ്റി ഓസീസ്' ഇന്ത്യയിലേക്ക് എത്തിയത്. എന്നാല്‍, ലോകകപ്പിന് തൊട്ട് മുന്‍പ് നടന്ന രണ്ട് ഏകദിന പരമ്പരകളും അവര്‍ കൈവിട്ടു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ തോല്‍വിയുടെ ക്ഷീണം ഇന്ത്യയിലും മാറ്റാന്‍ കങ്കാരുപ്പടയ്‌ക്കായില്ല.
സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഇറങ്ങിയ ഇന്ത്യയോടും ഓസ്‌ട്രേലിയ പരാജയപ്പെട്ടു, അവിടുന്ന് നേരെ ലോകകപ്പിലേക്ക്. ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകളോട് ആദ്യ മത്സരങ്ങള്‍ (Australia In Cricket World Cup 2023). ചെപ്പോക്കില്‍ ഇന്ത്യയോട് ആറ് വിക്കറ്റിന്‍റെ തോല്‍വി ഏറ്റുവാങ്ങിയ കങ്കാരുപ്പട പ്രോട്ടീസിനെതിരായ മത്സരം അടിയറവ് പറഞ്ഞത് 134 റണ്‍സിനായിരുന്നു.
ഇതോടെ, ഓസ്‌ട്രേലിയക്ക് ചരമഗീതമെഴുതാന്‍ പലരും ഇറങ്ങി പുറപ്പെട്ടു. എന്നാല്‍, ഇവരുടെയെല്ലാം വയടപ്പിക്കാന്‍ അധികസമയമൊന്നും ഓസ്‌ട്രേലിയക്ക് വേണ്ടി വന്നില്ല. മൂന്നാം മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് ഓസീസ് പട ട്രാക്കിലായി.
ലങ്ക ഉയര്‍ത്തിയ 210 റണ്‍സ് വിജയലക്ഷ്യം 88 പന്തും 5 വിക്കറ്റും ശേഷിക്കെയാണ് പാറ്റ് കമ്മിന്‍സും സംഘവും മറികടന്നത്. പിന്നാലെ പാകിസ്ഥാനും ഓസീസ് തേരോട്ടത്തിന് മുന്നില്‍ വീണു. നെതര്‍ലന്‍ഡ്‌സിനെതിരെ 309 റണ്‍സിന്‍റെ റെക്കോഡ് ജയം.