മൊഹാലി: ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയ്ക്ക് നാല് വിക്കറ്റിന്‍റെ വിജയം. ആതിഥേയരായ ഇന്ത്യ ഉയർത്തിയ 209 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യം നാല് പന്തുകൾ ശേഷിക്കെയാണ് ഓസ്‌ട്രേലിയ മറികടന്നത്. 30 പന്തിൽ നിന്ന് നാല് സിക്‌സും എട്ട് ഫോറുമടക്കം 61 റൺസെടുത്ത കാമറൂൺ ഗ്രീൻ, 24 പന്തിൽ 35 റൺസ് നേടിയ സ്റ്റീവ് സ്‌മിത്ത്, 21 പന്തുകളിൽ പുറത്താകാതെ 45 റൺസ് നേടിയ മാത്യു വെയ്‌ഡ് എന്നിവരുടെ ഇന്നിങ്‌സുകളാണ് ഓസീസിന് ജയമൊരുക്കിയത്.
ഇന്ത്യയുടെ 209 റൺസ് പിന്തുടർന്ന ഓസ്‌ട്രേലിയയ്ക്ക് ഓപ്പണർമാരായ ആരോൺ ഫിഞ്ച്-കാമറൂൺ ഗ്രീൻ സഖ്യം മികച്ച തുടക്കമാണ് നൽകിയത്. നാലാം ഓവറിൽ സ്‌കോർ 39ൽ നിൽക്കെ 13 പന്തിൽ നിന്ന് 22 റൺസെടുത്ത ഫിഞ്ചിനെ മടക്കിയ അക്ഷർ പട്ടേലാണ് ഈ കൂട്ടുകെട്ട് തകർത്തത്. പിന്നീട് ക്രീസിലെത്തിയ സ്റ്റീവ് സ്‌മിത്ത്-ഗ്രീൻ സഖ്യം ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും ബൗണ്ടറികൾ പറത്തിയതോടെ 10-ാം ഓവറിൽ ഓസീസ് സ്‌കോർ 100 കടന്നു.
രണ്ടാം വിക്കറ്റിൽ 70 റൺസ് കൂട്ടിച്ചേർത്ത ഈ സഖ്യം അനായാസം കുതിക്കുന്നതിനിടെ ഗ്രീനിനെ പുറത്താക്കിയ അക്ഷർ പട്ടേൽ വീണ്ടും ഇന്ത്യയ്ക്ക് ആശ്വാസമേകി. ഇതിനിടെ രണ്ടു തവണ ഗ്രീനിനെ ഇന്ത്യൻ താരങ്ങൾ വിട്ടുകളഞ്ഞത് ടീമിന് തിരിച്ചടിയായി. ഗ്രീൻ പുറത്തായതിന് പിന്നാലെ സ്റ്റീവ് സ്‌മിത്ത്, ഗ്ലെൻ മാക്‌സ്‌വെൽ, ജോഷ് ഇംഗ്ലിസ് എന്നിവരെയും വേഗത്തിൽ നഷ്‌ടമായതോടെ ഓസീസ് പരുങ്ങലിലായി.
എന്നാൽ ആറാം വിക്കറ്റിൽ ഒന്നിച്ച ടിം ഡേവിഡ്-മാത്യു വെയ്‌ഡ് കൂട്ടുകെട്ട് മത്സരം ഓസ്‌ട്രേലിയയ്ക്ക് അനുകൂലമാക്കുകയായിരുന്നു. അവസാന മൂന്ന് ഓവറിൽ നിന്നും 40 റൺസായിരുന്നു ഓസീസിന് വേണ്ടിയിരുന്നത്. ഹർഷൽ പട്ടേലെറിഞ്ഞ 18-ാം ഓവറിൽ മൂന്ന് സിക്‌സടക്കം 22 റൺസും ഭുവനേശ്വർ കുമാർ എറിഞ്ഞ 19-ാം ഓവറിൽ മൂന്ന് ബൗണ്ടറിയുമടക്കം 16 റൺസും നേടിയതോടെയാണ് ഓസീസ് മത്സരം കൈപ്പിടിയിലാക്കിയത്.
ഇന്ത്യയ്ക്കായി നാല് ഓവറിൽ 17 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ അക്ഷർ പട്ടേൽ മാത്രമാണ് ബൗളിങ്ങിൽ തിളങ്ങിയത്. ഉമേഷ് യാദവ് രണ്ടു വിക്കറ്റും യുസ്‌വേന്ദ്ര ചാഹൽ ഒരു വിക്കറ്റും നേടി.
നേരത്തെ മൊഹാലിയില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 208 റണ്‍സാണ് നേടിയത്. ഹാർദിക് പാണ്ഡ്യ (71), കെഎൽ രാഹുൽ (55), സൂര്യകുമാർ യാദവ് (46) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയ്‌ക്ക് മികച്ച സ്‌കോർ നേടിക്കൊടുത്തത്. 30 പന്തിൽ നിന്ന് അഞ്ച് സിക്‌സും ഏഴ് ഫോറുമടക്കം 71 റൺസോടെ പുറത്താകാതെ നിന്ന ഹാർദിക്കാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.
രാഹുൽ 35 പന്തിൽ നിന്ന് മൂന്ന് സിക്‌സും നാല് ഫോറുമടക്കം 55 റൺസെടുത്തു. വിരാട് കോലി (2), അക്ഷർ പട്ടേൽ (6), ദിനേഷ് കാർത്തിക് (6), ഹർഷൽ പട്ടേൽ (7) എന്നിവർ ഇന്ത്യൻ നിരയിൽ നിരാശപ്പെടുത്തി. ഓസ്‌ട്രേലിയയ്ക്കായി നഥാൻ എല്ലിസ് മൂന്നും ഹെയ്‌സൽവുഡ് രണ്ട് വിക്കറ്റും വീഴ്ത്തി.