ടൗണ്‍സ്‌വില്ലെ: ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തിൽ 200 വിക്കറ്റ് തികയ്‌ക്കുന്ന ബോളറെന്ന നേട്ടം സ്വന്തമാക്കി ഓസീസ് പേസര്‍ മിച്ചൽ സ്റ്റാർക്ക്. സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് സ്റ്റാർക്ക് നിര്‍ണായക നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ എട്ട് ഓവറില്‍ 33 റണ്‍സ് വഴങ്ങിയ താരം ഒരു വിക്കറ്റ് സ്വന്തമാക്കിയിരുന്നു.
സിംബാബ്‌വെ താരം റയാൻ ബേളാണ് സ്റ്റാര്‍ക്കിന്‍റെ 200-ാമത്തെ ഇര. സ്റ്റാര്‍ക്കിന്‍റെ 102-ാം മത്സരമായിരുന്നുവിത്. ഇതോടെ പാകിസ്ഥാൻ മുന്‍ സ്‌പിന്നർ സഖ്‌ലെയ്‌ന്‍ മുഷ്‌താഖിന്‍റെ റെക്കോഡാണ് പഴങ്കഥയായത്. 104 മത്സരങ്ങളിൽ നിന്നാണ് സഖ്‌ലെയ്‌ന്‍ മുഷ്‌താഖ് ഈ നേട്ടം കൈവരിച്ചത്.
ഓസീസ് മുന്‍ താരം ബ്രെറ്റ് ലീ (112 മത്സരങ്ങള്‍), ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം അലൻ ഡൊണാൾഡ് (117), പാക് മുന്‍ താരം വഖാര്‍ യൂനിസ് (118), ഓസീസ് മുന്‍ താരം ഷെയ്‌ന്‍ വോണ്‍ (125) എന്നിവരാണ് പട്ടികയില്‍ തുടര്‍ന്നുള്ള സ്ഥാനത്തുള്ളത്.