മുംബൈ: ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പിന് (Cricket World Cup 2023) ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ആതിഥേയരായ ഇന്ത്യ ഉള്‍പ്പെടെ പത്ത് ടീമുകളാണ് ലോകകപ്പിനായി പോരടിക്കുന്നത്. ഒക്‌ടോബര്‍ അഞ്ചിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടും ന്യൂസിലന്‍ഡുമാണ് ഉദ്‌ഘാടന മത്സരത്തില്‍ നേര്‍ക്കുനേര്‍ എത്തുക.
ഇപ്പോഴിതാ കിരീടം ആരു നേടുമെന്നത് സംബന്ധിച്ച പ്രവചനുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രമുഖ ജ്യോതിഷിയായ ഗ്രീന്‍സ്റ്റോണ്‍ ലോബോ (Greenstone Lobo). ഇത്തവണത്തെ ഏകദിന ലോകകപ്പ് 1987-ല്‍ ജനിച്ച ക്യാപ്റ്റനുള്ള ടീം നേടുമെന്നാണ് ഗ്രീന്‍സ്റ്റോണ്‍ ലോബോയുടെ ശാസ്‌ത്രീയ പ്രവചനം (Astrologer on Cricket World Cup 2023 Winner). ഒരു പ്രമുഖ ദേശീയ മാധ്യമമാണ് ജ്യോതിഷിയുടെ പ്രവചനം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
2011, 2015, 2019 ക്രിക്കറ്റ് ലോകകപ്പുകളിലെ വിജയികളെ ടീമിന്‍റെ ക്യാപ്റ്റന്‍മാര്‍ ജനിച്ച വര്‍ഷവും അവരുടെ ഗൃഹനിലയും നോക്കി താന്‍ കൃത്യമായി പ്രവചിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ ലോബോ അവകാശപ്പെടുന്നുണ്ട്. "1987ല്‍ ജനിച്ചവരായി രണ്ട് ക്യാപ്റ്റന്മാരാണ് ഈ ലോകകപ്പില്‍ ടീമുകളെ നയിക്കുന്നത്. അതിലൊരാള്‍ ബംഗ്ലാദേശിന്‍റെ ഷാക്കിബ് അൽ ഹസനാണ് (Shakib Al Hasan).
രണ്ടാമത്തെയാള്‍ ഇന്ത്യയുടെ രോഹിത് ശര്‍മയും (Rohit Sharma). ബംഗ്ലാദേശ് അത്ര മികച്ചവരായി തോന്നുന്നില്ല. അതിനാല്‍ നമ്മുടെ രോഹിത് ശര്‍മയാവും ഇത്തവണ ലോകകപ്പ് ഉയര്‍ത്തുക", ലോബോ പ്രവചിച്ചു. ഇന്ത്യയിലെ 10 വേദികളിലായാണ് ഇത്തവണ ലോകകപ്പ് അരങ്ങേറുന്നത്.