കൊളംബോ:ഏഷ്യ കപ്പില്‍ (Asia Cup 2023) ചിരവൈരികളായ പാകിസ്ഥാനെതിരായ വമ്പന്‍ ജയത്തിന്‍റെ ആവേശം കെട്ടടങ്ങുന്നതിന് മുന്‍പ് ടീം ഇന്ത്യ ഇന്ന് സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തിനിറങ്ങും (India Second Match In Asia Cup Super 4). ഇന്നത്തെ പോരാട്ടത്തില്‍ ശ്രീലങ്കയാണ് (India vs Srilanka) രോഹിതിന്‍റെയും സംഘത്തിന്‍റെയും എതിരാളികള്‍. ഇന്ത്യ-പാക് പോര് നടന്ന കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ വൈകുന്നേരം മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കുന്നത് (India vs Srilanka Match Time).
നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത് (Asia Cup Super 4 Point Table). പാകിസ്ഥാനെതിരായ 228 റണ്‍സ് ജയമാണ് ടീം ഇന്ത്യയെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചത്. അതേസമയം, ഇന്നത്തെ കളിയില്‍ ജയിക്കുന്ന ടീമിന് ഏഷ്യ കപ്പ് ഫൈനല്‍ ബെര്‍ത്ത് ഏറെക്കുറെ ഉറപ്പിക്കാന്‍ സാധിക്കും. നിലവില്‍ ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക ടീമുകള്‍ സൂപ്പര്‍ ഫോറില്‍ ഓരോ ജയങ്ങള്‍ വീതം നേടിയിട്ടുണ്ട്.
മൂന്നാം ദിനവും കളത്തില്‍:പാകിസ്ഥാനെതിരായ മത്സരം റിസര്‍വ് ദിനത്തിലേക്ക് നീങ്ങിയതോടെ തുടര്‍ച്ചയായ മൂന്നാം ദിവസവും മത്സരത്തിനായി കളത്തിലിറങ്ങാനുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. ഇന്നലെ, പാകിസ്ഥാനെ വീഴ്‌ത്തിയത് ടീമിന്‍റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. വിരാട് കോലി, കെ എല്‍ രാഹുല്‍, കുല്‍ദീപ് യാദവ്, ശുഭ്‌മാന്‍ ഗില്‍, രോഹിത് ശര്‍മ എന്നിവരുടെ പ്രകടനങ്ങളായിരുന്നു പാകിസ്ഥാനെതിരായ മത്സരത്തില്‍ ടീം ഇന്ത്യയ്‌ക്ക് വമ്പന്‍ ജയം സമ്മാനിച്ചത്. പ്ലേയിങ് ഇലവനില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലാത്ത സാഹചര്യത്തില്‍ ഇന്ന് ലങ്കയ്‌ക്കെതിരെയും താരങ്ങള്‍ ഇതേ മികവ് ആവര്‍ത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ജയം തുടരാന്‍ ശ്രീലങ്കയും:സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ആവേശകരമായ ജയം നേടിയാണ് ശ്രീലങ്കയുടെ വരവ്. കൊളംബോ തന്നെ വേദിയായ മത്സരത്തില്‍ 21 റണ്‍സിനായിരുന്നു ലങ്ക ബംഗ്ലാദേശിനെ തോല്‍പ്പിച്ചത്. ഇന്ന് കരുത്തരായ ഇന്ത്യയ്‌ക്കെതിരെയും അതേ പ്രകടനം ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അവരും.