കൊളംബോ: ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലെ (Asia Cup Super 4) അവസാന മത്സരത്തിന് ടീം ഇന്ത്യ (Indian Cricket Team) ഇന്ന് (സെപ്‌റ്റംബര്‍ 15) ഇറങ്ങും. ആശ്വാസ ജയം തേടിയെത്തുന്ന ബംഗ്ലാദേശാണ് (Bangladesh) ടീം ഇന്ത്യയുടെ എതിരാളി. കൊളംബോ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ (Colombo R Premadasa Stadium) ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കുന്നത് (India vs Bangladesh).
പാകിസ്ഥാനെയും ശ്രീലങ്കയേയും തകര്‍ത്ത് നേരത്തെ തന്നെ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചാണ് രോഹിതിന്‍റെയും സംഘത്തിന്‍റെയും വരവ്. ഞായറാഴ്‌ച നടക്കുന്ന ഫൈനലില്‍ ശ്രീലങ്കയെ നേരിടാനുള്ള അവസാന ഒരുക്കങ്ങള്‍ നടത്താന്‍ ടീം ഇന്ത്യയ്‌ക്ക് ലഭിക്കുന്ന അവസരമായിരിക്കും ബംഗ്ലാദേശിനെതിരായ മത്സരം. അതുകൊണ്ട് തന്നെ ടീമില്‍ ഇന്ന് കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യത കുറവാണ്.
അവസാന മത്സരത്തില്‍ നിറം മങ്ങിയ വിരാട് കോലി (Virat Kohli), ശുഭ്‌മാന്‍ ഗില്‍ (Shubman Gill) എന്നിവര്‍ക്ക് താളം വീണ്ടെടുക്കേണ്ടതുണ്ട്. അവസാന മത്സരങ്ങളില്‍ പരിക്കിനെ തുടര്‍ന്ന് ഇന്ത്യയ്‌ക്കായി കളിക്കാതിരുന്ന ശ്രേയസ് അയ്യര്‍ (Shreyas Iyer) കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങിയത് ടീമിന് ആശ്വാസമാണ്. അയ്യര്‍ ടീമിലേക്ക് മടങ്ങിയെത്തിയാല്‍ ഇഷാന്‍ കിഷന്‍റെ (Ishan Kishan) സ്ഥാനമാകും അവസാന പതിനൊന്നില്‍ നിന്നും തെറിക്കുക.
അതേസമയം, ഇന്ന് ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ജസ്‌പ്രീത് ബുംറയ്‌ക്ക് (Jasprit Bumrah) വിശ്രമം അനുവദിക്കാനാണ് സാധ്യത. ഏകദിന ലോകകപ്പും ഏഷ്യ കപ്പ് ഫൈനലും മുന്നില്‍ നില്‍ക്കെ താരത്തിന്‍റെ വര്‍ക്ക് ലോഡ് കുറയ്‌ക്കുന്നതിന് വേണ്ടിയാകും ഇന്ന് മാറ്റി നിര്‍ത്തുക. ബുംറ ടീമിലില്ലെങ്കില്‍ പകരം മുഹമ്മദ് ഷമി (Mohammed Shami) ആയിരിക്കും ടീമിലേക്കെത്തുക.