ദുബായ് :ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് ശ്രീലങ്ക. പാകിസ്ഥാന്‍ ഉയര്‍ത്തിയ 122 റണ്‍സ് വിജയലക്ഷ്യം 17-ാം ഓവറില്‍ അഞ്ച് വിക്കറ്റ് ശേഷിക്കെയാണ് ലങ്ക മറികടന്നത്. മൂന്ന് വിക്കറ്റ് നേടിയ വാനിന്ദു ഹസരങ്കയാണ് കളിയിലെ താരം.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 19.1 ഓവറില്‍ 121റണ്‍സിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ വാനിന്ദു ഹസരങ്കയാണ് പാകിസ്ഥാനെ എറിഞ്ഞിട്ടത്. 30 റണ്‍സ് നേടിയ ബാബര്‍ അസമാണ് പാകിസ്ഥാന്‍ ടോപ് സ്‌കോറര്‍.
അസമിന് പുറമെ മുഹമ്മദ് നവാസാണ് (26) പാക് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. കൂടാതെ മുഹമ്മദ് റിസ്‌വാന്‍ (14), ഫഖര്‍ സമാന്‍ (13), ഇഫ്തിഖര്‍ അഹമ്മദ് (13) എന്നിവരൊഴികെ മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല. ഖുഷ്ദില്‍ ഷാ (4), ആസിഫ് അലി (0), ഹസന്‍ അലി (0), ഉസ്മാന്‍ ഖാദിര്‍ (3), ഹാരിസ് റൗഫ് (1) എന്നിവര്‍ പുറത്തായപ്പോള്‍ മുഹമ്മദ് ഹസ്‌നൈന്‍ (0) പുറത്താവാതെ നിന്നു.
മറുപടി ബാറ്റിങ്ങില്‍ തിരിച്ചടിച്ച പാകിസ്ഥാന്‍ ആദ്യ അഞ്ച് ഓവറില്‍ തന്നെ മൂന്ന് ലങ്കന്‍ ബാറ്റര്‍മാരെ മടക്കി. ഓപ്പണറായി ഇറങ്ങി നിലയുറപ്പിച്ച് 55 റണ്‍സോടെ പുറത്താവാതെ നിന്ന പതും നിസ്സങ്കയാണ് ലങ്കയെ വിജയത്തിലേക്ക് നയിച്ചത്. ഒരു സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു നിസ്സങ്കയുടെ ഇന്നിങ്‌സ്. പാകിസ്ഥാനായി മുഹമ്മദ് ഹസ്‌നൈന്‍, ഹാരിസ് റൗഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.