കറാച്ചി : സമീപകാലത്തായി റണ്‍ വരള്‍ച്ച നേരിടുന്ന ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലി വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിന് പിന്നാലെ വിശ്രമം അനുവദിച്ച താരം ഏഷ്യ കപ്പിലൂടെ വമ്പന്‍ തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ടി20 ലോകകപ്പ് കൂടി പടിവാതില്‍ക്കലെത്തി. വിമര്‍ശകരുടെ നാവടക്കാന്‍ ഏഷ്യ കപ്പിലെ പ്രകടനം താരത്തിന് നിര്‍ണായകമാവും.
ഇപ്പോഴിതാ കോലിയുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് പാകിസ്ഥാന്‍റെ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. ട്വിറ്ററിലെ ചോദ്യോത്തര വേളയില്‍ കോലിയുടെ ഭാവിയെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്നായിരുന്നു ഒരു ആരാധകന്‍റെ ചോദ്യം. 'ഭാവി കോലിയുടെ തന്നെ കൈകളിലാണ്' എന്നാണ് ഈ ചോദ്യത്തോട് അഫ്രീദി പ്രതികരിച്ചത്.
ആയിരം ദിനങ്ങളിലേറെയായി കോലിക്ക് ഒരു സെഞ്ച്വറി നേടാന്‍ കഴിയാത്തതില്‍ മറ്റൊരു ആരാധകന്‍ അഫ്രീദിയുടെ പ്രതികരണം തേടിയിരുന്നു. 'കഠിനമായ സമയങ്ങളിൽ മാത്രമേ വമ്പന്‍ താരങ്ങളെ കണ്ടെത്താനാകൂ' എന്നായിരുന്നു ഈ ചോദ്യത്തോട് അഫ്രീദി പ്രതികരിച്ചത്.
also read: ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് ടോപ് ഫോമിലുള്ള കോലിയെ വേണം; കാരണങ്ങള്‍ നിരത്തി ഇര്‍ഫാന്‍ പഠാന്‍
അതേസമയം ഓഗസ്റ്റ് 27നാണ് യുഎഇയില്‍ ഏഷ്യ കപ്പ് ആരംഭിക്കുന്നത്. 28ന് ചിരവൈരികളായ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. കഴിഞ്ഞ ടി20 ലോകകപ്പിലാണ് ഇന്ത്യയും പാകിസ്ഥാനും അവസാനമായി നേര്‍ക്കുനേര്‍ വന്നത്. അന്ന് ഇന്ത്യയെ പത്ത് വിക്കറ്റിന് തോല്‍പ്പിക്കാന്‍ പാക് സംഘത്തിന് കഴിഞ്ഞിരുന്നു. ഈ തോല്‍വിക്ക് കണക്ക് തീര്‍ക്കാന്‍ കൂടിയാവും ഇന്ത്യ ഏഷ്യ കപ്പിനെത്തുക.