ദുബായ് : ഏഷ്യ കപ്പ് ക്രിക്കറ്റിലെ ആദ്യ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ വാക്‌പോരുമായി ശ്രീലങ്ക-അഫ്‌ഗാനിസ്ഥാന്‍ താരങ്ങള്‍. ലങ്കന്‍ ഇന്നിങ്‌സിനിടെ ബാറ്റര്‍ ധനുഷ്‌ക ഗുണതിലകയും അഫ്‌ഗാന്‍ സ്‌പിന്നര്‍ റാഷിദ് ഖാനുമാണ് ഉരസിയത്. ബൗണ്ടറി നേടിയ ഗുണതിലകയ്‌ക്ക് സമീപമെത്തിയ റാഷിദ് എന്തോ പറഞ്ഞതോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമാരംഭിച്ചത്.
പിന്നാലെ ഇരുവരും നേര്‍ക്കുനേരെത്തിയപ്പോള്‍ സഹതാരം എത്തി പിന്തിരിപ്പിക്കുകയായിരുന്നു. ഇതേ ഓവറില്‍ റാഷിദ് ഗുണതിലകയെ പുറത്താക്കുകയും ചെയ്‌തു. അതേസമയം മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനെ നാല് വിക്കറ്റിന് തോൽപ്പിക്കാന്‍ ലങ്കയ്‌ക്ക് കഴിഞ്ഞു. ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റില്‍ 175 റണ്‍സാണ് നേടിയത്.
മറുപടിക്കിറങ്ങിയ ലങ്ക 19.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 179 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. 19 പന്തില്‍ 36 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. പതും നിസ്സാങ്ക (28 പന്തില്‍ 35), ധനുഷ്‌ക ഗുണതിലക (20 പന്തില്‍ 33), ഭാനുക രജപക്‌സ (14 പന്തില്‍ 31) എന്നിവരും നിര്‍ണായകമായി.
ചരിത് അസലങ്ക (8), ദസുന്‍ ഷനക (10) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. വാനിന്ദു ഹസരങ്ക (16), ചാമിക കരുണാരത്‌നെ (5) എന്നിവര്‍ പുറത്താവാതെ നിന്നു. അഫ്‌ഗാനിസ്ഥാനായി മുജീബ് ഉര്‍ റഹ്മാന്‍, നവീന്‍ ഉള്‍ ഹഖ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി. റാഷിദ് ഖാനും മുഹമ്മദ് നബിയും ഓരോ വിക്കറ്റും സ്വന്തമാക്കി.