ദുബായ് : ഏഷ്യ കപ്പ് ക്രിക്കറ്റിലെ ആവേശപ്പോരില്‍ അവസാന ഓവറിലാണ് ഇന്ത്യ പാകിസ്ഥാനെതിരെ വിജയം പിടിച്ചത്. പാകിസ്ഥാന്‍റെ ഇടങ്കയ്യന്‍ സ്‌പിന്നര്‍ മുഹമ്മദ് നവാസിനെ സിക്‌സിന് പായിച്ച് ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്. അതീവ സമ്മര്‍ദം നിറഞ്ഞ മത്സരത്തില്‍ പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിന് പറ്റിയ പ്രധാന പിഴവ് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ താരം വസീം അക്രം.
മത്സരത്തിലെ അവസാന ഓവര്‍ സ്‌പിന്നര്‍ക്ക് നല്‍കിയത് ബാബര്‍ക്ക് പറ്റിയ വലിയ പിഴവാണെന്നാണ് അക്രം പറയുന്നത്. നവാസിന് പതിമൂന്നാമത്തെയോ, പതിനാലാമത്തെയോ ഓവറായിരുന്നു നല്‍കേണ്ടിയിരുന്നതെന്നും അക്രം പറഞ്ഞു.
പാകിസ്ഥാന്‍ ഉയര്‍ത്തിയ 148 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ ബാറ്റര്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെട്ടിരുന്നു. പേസര്‍മാരെല്ലാം തങ്ങളുടെ നാല് ഓവര്‍ ക്വാട്ട എറിഞ്ഞ് തീര്‍ത്തപ്പോള്‍ ഇടങ്കയ്യൻ സ്പിന്നറായ നവാസിനെ അവസാന ഓവര്‍ എറിയാന്‍ ബാബര്‍ മാറ്റി നിര്‍ത്തുകയായിരുന്നു.