കറാച്ചി: വേഗതയാര്‍ന്ന പന്തെറിഞ്ഞാണ് പാകിസ്ഥാന്‍ ഇതിഹാസം ഷോയ്‌ബ് അക്തര്‍ 'റാവൽപിണ്ടി എക്‌സ്‌പ്രസ്' എന്ന പേരെടുത്തത്. മൂർച്ചയുള്ള ബൗൺസറുകളാലും കൃത്യതയാര്‍ന്ന യോർക്കറുകളാലും ബാറ്റര്‍മാരെ ഭയപ്പെടുത്താന്‍ അക്തറിന് കഴിഞ്ഞിരുന്നു. പ്രതാപകാലത്ത് തന്നെ ഭയപ്പെടാതെ നേരിട്ട ബാറ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അക്തര്‍.
1990കളിലും 2000ത്തിന്‍റെ തുടക്കത്തിലും സച്ചിനും അക്തറും പല തവണ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. 1999ലെ ലോകകപ്പില്‍ മുഖാമുഖം വന്നതിന്‍റെ ഓര്‍മകളാണ് അക്തര്‍ പങ്കുവച്ചിരിക്കുന്നത്.
"അനാവശ്യ സമ്മർദത്തോടെയാണ് പാകിസ്ഥാൻ ടീം ഇന്ത്യയ്‌ക്കെതിരെ ഗ്രൗണ്ടിൽ ഇറങ്ങുന്നത്. 2003 ലോകകപ്പിൽ പോലും ഞങ്ങൾ ശ്വാസം മുട്ടി. എന്നാൽ 1999 ലോകകപ്പിൽ സച്ചിൻ എനിക്കെതിരെ മികച്ച രീതിയിൽ കളിച്ചു. അക്കാലത്ത് മറ്റെല്ലാ ബാറ്റര്‍മാര്‍ക്കും എന്നെ ഭയമായിരുന്നു. എനിക്കെതിരെ പല താരങ്ങളുടെയും ഫൂട്‌വര്‍ക്ക് മോശമായിരുന്നു'', അക്തര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.
ഇന്ത്യ-പാക് മത്സരങ്ങളില്‍ സമ്മർദമുണ്ടാക്കുന്നതില്‍ മാധ്യമങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു. ''ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരങ്ങള്‍ പാകിസ്ഥാന് എന്തുകൊണ്ടാണ് സാധാരണ മത്സരങ്ങള്‍ പോലെ കാണാന്‍ കഴിയാത്തതെന്ന് മനസിലാവുന്നില്ല.
1999 ലോകകപ്പിന് എത്തും മുമ്പ്, ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യയെ അവരുടെ മണ്ണില്‍ പാകിസ്ഥാന്‍ തോല്‍പ്പിച്ചിരുന്നു. ഇന്ത്യ - പാക് മത്സരങ്ങള്‍ക്ക് മാധ്യമങ്ങളാണ് ഇത്രയും വലിയ ഹൈപ്പ് കൊടുക്കുന്നത്. ഈ അനാവശ്യ ഹൈപ്പാണ് പാകിസ്ഥാനെ സമ്മര്‍ദത്തിലാക്കുന്നത്'', അക്തര്‍ പറഞ്ഞു.
അതേസമയം കഴിഞ്ഞ ടി20 ലോകകപ്പ് വരെ ലോകകപ്പ് വേദികളില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിരുന്നില്ല. ഈ മത്സരത്തിന് ശേഷം ഏഷ്യ കപ്പില്‍ വീണ്ടും പാകിസ്ഥാനെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ. ഓഗസ്റ്റ് 27ന് ആരംഭിക്കുന്ന ഏഷ്യ കപ്പില്‍ 28നാണ് ഇന്ത്യ - പാക് മത്സരം. ദുബായിലാണ് മത്സരം നടക്കുക.
also read: 'കാലൊടിഞ്ഞാലും സച്ചിനെയും സെവാഗിനെയും ഞാന്‍ പുറത്താക്കുമായിരുന്നു'; മൊഹാലിയിലെ ആ ഓര്‍മ വേദനിപ്പിക്കുന്നതായി അക്തര്‍