കറാച്ചി: ഏഷ്യ കപ്പ് ക്രിക്കറ്റിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ സൂപ്പർ ഫോറിലെത്തിയെങ്കിലും ബോളിങ് യൂണിറ്റിന്‍റെ പ്രകടനം ആശങ്കയാണ്. ജസ്‌പ്രീത് ബുംറയുടെ അഭാവത്തില്‍ ഇറങ്ങിയ ഇന്ത്യയ്‌ക്ക് ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ പ്രകടനമാണ് പാകിസ്ഥാനെതിരായ മത്സരത്തില്‍ തുണയായത്.
പേസർ ആവേശ് ഖാനും സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചഹലും തിളങ്ങാത്തത് ഇന്ത്യയ്‌ക്ക് തലവേദനയാണ്. ചഹലിന് ഇതേവരെ ഒരു വിക്കറ്റ് പോലും വീഴ്‌ത്താനായിട്ടില്ല. ബോളിങ് യൂണിറ്റിന്‍റെ മോശം പ്രകടനത്തെ കുറിച്ച് ഹോങ്കോങ്ങിനെതിരായ മത്സരത്തിന് ശേഷം ക്യാപ്‌റ്റൻ രോഹിത് ശർമ തുറന്ന് പറയുകയും ചെയ്‌തു.
ടൂര്‍ണമെന്‍റില്‍ മുന്നോട്ട് പോകണമെങ്കില്‍ ഇന്ത്യയുടെ ബോളിങ് യൂണിറ്റില്‍ മാറ്റങ്ങള്‍ വേണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചഹലിന് തിളങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ താരത്തെ പുറത്തിരുത്തണമെന്നും കനേരിയ അഭിപ്രായപ്പെട്ടു. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് കനേരിയയുടെ പ്രതികരണം.