കൊളംബോ:ഏഷ്യ കപ്പ് (Asia Cup 2023) സൂപ്പര്‍ ഫോറില്‍ ഇന്ത്യയ്ക്ക് എതിരെ ശ്രീലങ്കയ്ക്ക് ബോളിങ് (India vs Sri Lanka). ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പാകിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഒരുമാറ്റവുമായാണ് ഇന്ത്യ കളിക്കുന്നത്. ശാര്‍ദുല്‍ താക്കൂര്‍ പുറത്തായപ്പോള്‍ അക്സര്‍ പട്ടേല്‍ ടീമിലിടം നേടി.
ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തിലെ പ്ലേയിങ് ഇലവനെ നിലനിര്‍ത്തിയതായി ലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷാനക അറിയിച്ചു. കൊളംബോയിലെ ആര് പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഏഷ്യ കപ്പ് (Asia Cup 2023) സൂപ്പര്‍ ഫോറില്‍ തങ്ങളുടെ ആദ്യ മത്സരം വിജയിച്ചാണ് ഇന്ത്യയും ശ്രീലങ്കയും ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്. പാകിസ്ഥാനെ ഇന്ത്യ 228 റണ്‍സിന് തകര്‍ത്ത് വിട്ടപ്പോള്‍ ബംഗ്ലാദേശിനെതിരെ 21 റണ്‍സിനായിരുന്നു ശ്രീലങ്ക കളി പിടിച്ചത്.
നിലവില്‍ ഇരു ടീമുകള്‍ക്കും രണ്ട് പോയിന്റ് വീതമാണുള്ളത്. എന്നാല്‍ മികച്ച റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ തലപ്പത്തും ശ്രീലങ്ക രണ്ടാമതുമാണുള്ളത്. ഇന്നത്തെ മത്സരം വിജയിക്കുന്നവര്‍ക്ക് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാം. ഏകദിനത്തില്‍ തുടര്‍ച്ചയായ 13 മത്സരങ്ങളില്‍ തോല്‍വി അറിയാതെയാണ് ശ്രീലങ്ക ഇന്ത്യയ്ക്കെതിരെ കളിക്കാനെത്തുന്നത്. ടീമിന്റെ ഈ വിജയക്കുതിപ്പിന് ഇന്ന് വിരാമമാകുമോയെന്ന് കാത്തിരുന്ന് കാണാം. എന്നാല്‍ മത്സരത്തിന് മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്.
കൊളംബോയില്‍ ആര് പ്രേമദാസ സ്റ്റേഡിയം ഉള്‍പ്പെടുന്ന പ്രദേശത്ത് ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് 60 ശതമാനം സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. വൈകുന്നേരത്തോടെ ഇത് 40 ശതമാനത്തിലേക്ക് കുറയുമെന്നുമാണ് പ്രവചനം. ഇതോടെ മത്സരത്തില്‍ മഴ രസം കൊല്ലിയാവാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.