കൊളംബോ:ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിന്‍റെ ഫൈനലില്‍ ലങ്കാദഹനം നടത്തിയ ഇന്ത്യ ചാമ്പ്യന്മാര്‍. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 10 വിക്കറ്റുകള്‍ക്കാണ് ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ചത്. ഏഷ്യ കപ്പില്‍ ഇന്ത്യയുടെ എട്ടാം കിരീടമാണിത്. ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ശ്രീലങ്ക ഉയര്‍ത്തിയ 51 റണ്‍സിന്‍റെ വിജയ ലക്ഷ്യം 6.1 ഓവറിലാണ് ഇന്ത്യ നേടിയെടുത്തത്.
ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ അനായാസം തന്നെ വിജയത്തിലേക്ക് എത്തുകയായിരുന്നു. ഓപ്പണര്‍മാരായ ഇഷാന്‍ കിഷന്‍ (17 പന്തില്‍ 22), ശുഭ്‌മാന്‍ ഗില്‍ (19 പന്തില്‍ 27) എന്നിവര്‍ പുറത്താവാതെ നിന്നു. ആറ് ബൗണ്ടറികളടങ്ങിയതാണ് ശുഭ്‌മാന്‍ ഗില്ലിന്‍റെ ഇന്നിങ്‌സ്. മൂന്ന് ഫോറുകളാണ് ഇഷാന്‍ കിഷന്‍റെ അക്കൗണ്ടിലുള്ളത്.
നേരത്തെ ടോസ് നേടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ശ്രീലങ്കയെ 15.2 ഓവറില്‍ 50 റണ്‍സിന് ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. ഏകദിനത്തില്‍ ശ്രീലങ്കയുടെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ ടോട്ടലാണിത്. ആറ് വിക്കറ്റുകള്‍ വീഴ്‌ത്തിക്കൊണ്ട് മുഹമ്മദ് സിറാജാണ് ലങ്കയെ പൊളിച്ചടുക്കിയത്.
ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ ജസ്‌പ്രീത് ബുംറ ഒരു വിക്കറ്റ് സ്വന്തമാക്കി. 34 പന്തില്‍ 17 റണ്‍സെടുത്ത കുശാല്‍ മെൻഡിസാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. മഴയെത്തുടര്‍ന്ന് അല്‍പം വൈകി ആരംഭിച്ച മത്സരത്തിന്‍റെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ കുശാല്‍ പെരേരയെ (2 പന്തില്‍ 0) പുറത്താക്കി ജസ്‌പ്രീത് ബുംറയാണ് വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കമിട്ടത്.
പിന്നീട് സിറാജിന്‍റെ അഴിഞ്ഞാട്ടമാണ് കാണാന്‍ കഴിഞ്ഞത്. തന്‍റെ ആദ്യ ഓവര്‍ മെയ്‌ഡനാക്കിയ സിറാജ് രണ്ടാം ഓവറില്‍ നാല് വിക്കറ്റുകളായിരുന്നു വീഴ്‌ത്തിയത്. ആദ്യ പന്തില്‍ പാത്തും നിസ്സാങ്ക (4 പന്തില്‍ 2) ജഡേജയുടെ കയ്യില്‍ അവസാനിച്ചു. മൂന്നാം പന്തില്‍ സദീര സമരവിക്രമയും (2 പന്തില്‍ 0) നാലാം പന്തില്‍ ചരിത് അസലങ്കയും (1 പന്തില്‍ 0) ഡഗൗട്ടിലേക്ക് തിരികെ മടങ്ങി.