ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് മുന്നെ ബ്രോഡ്‌കാസ്റ്റർക്ക് പറ്റിയ പിഴവില്‍ ക്ഷുഭിതനായി മുന്‍ ക്രിക്കറ്റര്‍ വസീം അക്രം. ബ്രോഡ്‌കാസ്റ്റർമാർ നല്‍കിയ പാകിസ്ഥാന്‍റെ പ്ലേയിങ് ഇലവനിലെ പിഴവാണ് ടൂർണമെന്‍റിന്‍റെ അവതാരകനായിരുന്ന അക്രത്തെ ചൊടിപ്പിച്ചത്.
അക്രത്തിന് ലഭിച്ച പട്ടികയില്‍ പേസർ ഷാനവാസ് ദഹാനിയുടെ പേരുണ്ടായിരുന്നില്ല. എന്നാല്‍ പാകിസ്ഥാൻ ബാറ്റിങ് കോച്ച് മുഹമ്മദ് യൂസഫുമായി താൻ സംസാരിച്ചിരുന്നുവെന്നും ഷാനവാസ് ദഹാനി കളിക്കുമെന്ന് യൂസഫ് പറഞ്ഞിരുന്നുവെന്നും അക്രം പറഞ്ഞു.
വൈകാതെ തന്നെ അവതാരകരിലൊരാള്‍ ശരിയായ പ്ലേയിങ് ഇലവന്‍ നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും രൂക്ഷമായാണ് അക്രം പ്രതികരിച്ചത്. ഇതൊരു വലിയ മത്സരമാണെന്നും സംഭവിച്ചിരിക്കുന്നത് ചെറിയ പിഴവല്ലെന്നുമാണ് അക്രം പറഞ്ഞത്.
അതേസമയം മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. ആദ്യം ബാറ്റുചെയ്‌ത പാകിസ്ഥാന്‍ മുഴുവന്‍ വിക്കറ്റുകളും നഷ്‌ടപ്പെടുത്തി ഉയര്‍ത്തിയ 148 റണ്‍സ് വിജയ ലക്ഷ്യം രണ്ട് പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ഇന്ത്യ മറികടന്നത്. പാകിസ്ഥാന്‍റെ 10 വിക്കറ്റുകള്‍ എറിഞ്ഞിട്ടത് ഇന്ത്യന്‍ പേസര്‍മാരാണ്.
ഭുവനേശ്വര്‍ കുമാര്‍ നാലും ഹാര്‍ദിക് പാണ്ഡ്യ മൂന്നും വിക്കറ്റുകള്‍ നേടി. അര്‍ഷ്‌ദീപ് സിങ് രണ്ടും ആവേശ് ഖാന്‍ ഒരു വിക്കറ്റും സ്വന്തമാക്കി. പാകിസ്ഥാന് മറുപടിക്കിറങ്ങിയ ഇന്ത്യയെ പാക് ബോളര്‍മാര്‍ ഒരു ഘട്ടത്തില്‍ സമ്മര്‍ദത്തിലാക്കിയെങ്കിലും ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവാണ് ഇന്ത്യയ്‌ക്ക് തുണയായത്. 17 പന്തില്‍ 33 റണ്‍സടിച്ച താരം 20-ാം ഓവറിലെ നാലാം പന്തില്‍ പാക് സ്‌പിന്നര്‍ മുഹമ്മദ് നവാസിനെ സിക്‌സറിന് പറത്തിയാണ് ഇന്ത്യന്‍ ജയം ഉറപ്പിച്ചത്.
also read: Asia cup: പാകിസ്ഥാനെതിരെ നാല് വിക്കറ്റ്; ഹാര്‍ദികിനേയും ഇര്‍ഫാനെയും മറികടന്ന് ഭുവനേശ്വര്‍ കുമാര്‍