ദുബായ് : ഏഷ്യ കപ്പ് ക്രിക്കറ്റിന്‍റെ കലാശപ്പോരില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ശ്രീലങ്കന്‍ ടീം നേടിയെടുത്തത് പുത്തന്‍ പ്രതീക്ഷകളാണ്. സ്വന്തം മണ്ണില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്‍റ് സാമ്പത്തിക പ്രതിസന്ധിയേയും ആഭ്യന്തര പ്രശ്‌നങ്ങളേയും തുടര്‍ന്നാണ് യുഎഇയിലേക്ക് പറിച്ചുനടപ്പെട്ടത്. പ്രതീക്ഷകളുടെ അമിത ഭാരമില്ലാതെയുമാണ് ലങ്കന്‍ ടീം യുഎയിലേക്ക് പറന്നത്.
എന്നാല്‍ വിശ്വസിക്കാന്‍ ഒരല്‍പ്പം പ്രയാസമുള്ള ഒരു കഥ പോലെ ചരിത്രം അവര്‍ക്ക് മുന്നില്‍ വഴിമാറി. ടൂര്‍ണമെന്‍റ് ആരംഭിക്കുമ്പോള്‍ പൂജ്യം ശതമാനം വിജയ സാധ്യത കല്‍പ്പിക്കപ്പെട്ട ടീമായിരുന്നു ലങ്ക. 79 ശതമാനവും സാധ്യത ഇന്ത്യയ്‌ക്കും 12 ശതമാനം പാകിസ്ഥാനുമായിരുന്നു പ്രവചിക്കപ്പെട്ടിരുന്നത്.
സൂപ്പര്‍ ഫോറിലെ രണ്ട് മത്സരങ്ങളും തോറ്റ് ഇന്ത്യ പുറത്തായി. ഒടുവില്‍ പ്രവചനങ്ങളെല്ലാം അട്ടിമറിച്ചാണ് ലങ്ക പാകിസ്ഥാനെ തകര്‍ത്ത് വന്‍കരയുടെ ചാമ്പ്യന്മാരായത്. ദുബായ് അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 23 റണ്‍സിന്‍റെ വിജയമാണ് ലങ്ക പാകിസ്ഥാനെതിരെ നേടിയത്.
ബാറ്റിങ്ങില്‍ നെടുന്തൂണായി മാറിയ ഭാനുക രജപക്‌സയാണ് ലങ്കയുടെ വിജയ ശില്‍പി. സജീവ ക്രിക്കറ്റില്‍ നിന്നും ഒരിക്കല്‍ വിരമിച്ച താരം തിരിച്ചെത്തിയാണ് ലങ്കയുടെ ഹീറോയായി മാറിയത്. ഈ വര്‍ഷം ജനുവരിയിലാണ് ഭാനുക രജപക്‌സ സജീവ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ഫിറ്റ്നസ് കാരണങ്ങളാൽ നിരന്തരം ടീമില്‍ നിന്നും പുറത്താക്കപ്പെട്ടതില്‍ മനം മടുത്തായിരുന്നു താരത്തിന്‍റെ പിന്മാറ്റം. ദേശീയ തലത്തില്‍ ചര്‍ച്ചയായ വിഷയം പാർലമെന്‍റിൽ ഉന്നയിക്കപ്പെടുകയും അന്വേഷണം പ്രഖ്യാപിക്കപ്പെടുകയും ചെയ്‌തു. ഒടുവില്‍ ക്യാപ്റ്റന്‍ ദാസുൻ ഷനകയുടെ നേതൃത്വത്തില്‍ നിരന്തരം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് എട്ട് ദിവസത്തിന് ശേഷം താരം തീരുമാനം മാറ്റിയത്. തുടര്‍ന്ന് ഐപിഎല്ലിലെത്തിയ താരം പഞ്ചാബ് കിങ്‌സിനായി റണ്ണടിച്ച് കൂട്ടുകയും ചെയ്‌തു.
ദുബായില്‍ ഒരുഘട്ടത്തില്‍ അഞ്ചിന് 58 എന്ന നിലയില്‍ പതറിയിടത്തുനിന്നാണ് ഭാനുക ലങ്കയുടെ രക്ഷയ്‌ക്കെത്തുന്നത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ലങ്കയുടെ മുന്‍ നിര ബാറ്റര്‍മാരായ കുശാല്‍ മെന്‍ഡിസ് (0), പഥും നിസ്സാങ്ക (8), ധനഞ്ജയ ഡിസില്‍വ (28), ധനുഷ്‌ക ഗുണതിലക (1), ദസുന്‍ ഷനക (2) എന്നിവര്‍ വേഗം മടങ്ങിയതോടെ സംഘം തോല്‍വി മണത്തിരുന്നു.
Also read: Asia Cup | ഏഷ്യ കപ്പില്‍ ശ്രീലങ്കയ്‌ക്ക് പട്ടാഭിഷേകം ; ഫൈനലില്‍ പാകിസ്ഥാനെ 23 റണ്‍സിന് തകര്‍ത്തു
എന്നാല്‍ ആറാം വിക്കറ്റില്‍ ഹസരങ്കയെ (36) കൂട്ടുപിടിച്ച് 68 റണ്‍സാണ് ഭാനുക ലങ്കന്‍ ടോട്ടലിലേക്ക് ചേര്‍ത്തത്. ഹസരങ്ക വീണതോടെ പകരമെത്തിയ ചാമിക കരുണാരത്‌നെയോടൊപ്പം (14) നിര്‍ണായകമായ 54 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്താനും ഭാനുകയ്‌ക്ക് കഴിഞ്ഞു. മത്സരത്തില്‍ പുറത്താവാതെ നിന്ന താരം 45 പന്തില്‍ ആറ് ഫോറുകളും മൂന്ന് സിക്സും സഹിതം 71 റണ്‍സാണ് അടിച്ച് കൂട്ടിയത്.
ഇതോടെ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 170 റണ്‍സെന്ന മാന്യമായ സ്കോറിലെത്താന്‍ ലങ്കയ്‌ക്ക് കഴിഞ്ഞു. മറുപടിക്കിറങ്ങിയ പാക് പട നിശ്ചിത ഓവറില്‍ 147 റണ്‍സിന് പുറത്താവുകയായിരുന്നു. ലങ്കയുടെ ആറാം ഏഷ്യ കപ്പ് കിരീടമാണിത്. ഏഴുതി തള്ളലുകള്‍ക്കുള്ള തിളക്കമുള്ള മറുപടികൂടിയാണ് ലങ്ക യുഎഇയില്‍ നല്‍കിയത്.