ദുബായ് : ഏഷ്യ കപ്പ് ക്രിക്കറ്റിന്‍റെ ഫൈനലില്‍ ഭാനുക രജപക്‌സയാണ് ലങ്കയുടെ വിജയ ശില്‍പി. ബാറ്റിങ്ങില്‍ മുന്‍നിര തകര്‍ന്ന് പതറിയ ലങ്കയെ പുറത്താവാതെ നിന്ന് അര്‍ധ സെഞ്ച്വറി പ്രകടനം നടത്തിയാണ് ഭാനുക രജപക്‌സ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. 45 പന്തില്‍ ആറ് ഫോറുകളും മൂന്ന് സിക്‌സും സഹിതം 71 റണ്‍സാണ് താരം നേടിയത്.
എന്നാല്‍ 19-ാം ഓവറിലെ അവസാന പന്തില്‍ ഭാനുകയെ പുറത്താക്കാനുള്ള അവസരം പാക് താരങ്ങള്‍ നഷ്‌ടപ്പെടുത്തിയത് ആരാധകര്‍ക്ക് അമ്പരപ്പായി. ഷദാബ് ഖാനും ആസിഫ് അലിയുമാണ് അവസരം പാഴാക്കിയത്. മുഹമ്മദ് ഹസ്‌നൈന്‍ എറിഞ്ഞ പന്തില്‍ ഭാനുക രജപക്‌സ ഡീപ്പ് മിഡ് വിക്കറ്റിലൂടെ സിക്‌സറിന് ശ്രമിച്ചു.
ബൗണ്ടറിക്കരികിലേക്ക് ഉയര്‍ന്ന പന്ത് ആസിഫിന് കയ്യില്‍ ഒതുക്കാവുന്ന ക്യാച്ചായിരുന്നു. എന്നാല്‍ ഷദാബ് വന്ന് കൂട്ടിയിടിച്ചതോടെ ക്യാച്ച് നഷ്‌ടമായി. ഇതോടെ ബൗണ്ടറി ലൈനിന് മുന്നില്‍ വീഴേണ്ടിയിരുന്ന പന്ത് അപ്പുറത്തേക്ക് വീണു.
ഇതോടെ ലങ്കയ്‌ക്ക് ആറ് റണ്‍സും ഭാനുകയ്‌ക്ക് ജീവനും ലഭിച്ചു. ഇടിയില്‍ ഷദാബിന് പരിക്കേല്‍ക്കുകയും ചെയ്‌തു. തുടര്‍ന്ന് ഫിസിയോ എത്തി പരിശോധിച്ച ശേഷമാണ് താരം കളി തുടര്‍ന്നത്. മത്സരത്തില്‍ ലങ്ക 23 റണ്‍സിന്‍റെ വിജയം സ്വന്തമാക്കിയിരുന്നു.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്‌ത ലങ്ക ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 170 റണ്‍സാണ് നേടിയത്. അഞ്ചിന് 58 എന്ന നിലയില്‍ പതറിയയിടത്തുനിന്നാണ് ഭാനുക ലങ്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ആറാം വിക്കറ്റില്‍ ഹസരങ്കയൊടൊപ്പം 68 റണ്‍സും ഏഴാം വിക്കറ്റില്‍ കരുണാരത്‌നെയോടൊപ്പം 54 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്താനും ഭാനുകയ്‌ക്ക് കഴിഞ്ഞു.
Also read: Asia Cup | ഏഷ്യ കപ്പില്‍ ശ്രീലങ്കയ്‌ക്ക് പട്ടാഭിഷേകം ; ഫൈനലില്‍ പാകിസ്ഥാനെ 23 റണ്‍സിന് തകര്‍ത്തു
മറുപടിക്കിറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ 147 റണ്‍സിന് പുറത്താവുകയായിരുന്നു. ശ്രീലങ്കയ്‌ക്കായി പ്രമോദ് മധുഷ് നാലും ക്യാപ്‌റ്റന്‍ വാനിന്ദു ഹസരങ്ക മൂന്നും വിക്കറ്റ് നേടി. ലങ്കയുടെ ആറാം ഏഷ്യ കപ്പ് കിരീടമാണിത്.