ന്യൂഡല്‍ഹി: ഫോമിലേക്ക് മടങ്ങിയെത്താന്‍ വിരാട് കോലിക്ക് ഒരു ഇന്നിങ്‌സ് മാത്രം മതിയെന്ന് ഇന്ത്യയുടെ മുന്‍ താരവും പരിശീലകനുമായിരുന്ന രവി ശാസ്‌ത്രി. ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ വിരാട് കോലി അര്‍ധ സെഞ്ച്വറി നേടിയാല്‍ താരത്തിന്‍റെ ഫോമുമായി ബന്ധപ്പെട്ട സംസാരങ്ങള്‍ അവസാനിക്കുമെന്നും രവി ശാസ്‌ത്രി പറഞ്ഞു. വലിയ താരങ്ങള്‍ ശരിയായ സമയത്ത് മികച്ച പ്രകടനം നടത്തുമെന്നും ശാസ്‌ത്രി അഭിപ്രായപ്പെട്ടു.
"ഞാൻ അടുത്തിടെ വിരാട് കോലിയുമായി സംസാരിച്ചിട്ടില്ല, പക്ഷേ.. 'വലിയ താരങ്ങള്‍' എല്ലായ്‌പ്പോഴും ശരിയായ സമയത്ത് ഉണരും. ഏഷ്യ കപ്പില്‍ പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ കോലി ഒരു അര്‍ധ സെഞ്ച്വറി നേടിയാല്‍ എല്ലാവരുടേയും വായ അടയ്‌ക്കപ്പെടും.
ഫോമിലേക്ക് തിരിച്ചെത്താന്‍ കോലിക്ക് ഒരു ഇന്നിങ്‌സ് മാത്രം മതി, കാരണം അവന്‍റെ അഭിനിവേശം അടങ്ങാത്തതാണ്. കഴിഞ്ഞ കാലത്ത് സംഭവിച്ചതൊക്കെയും ചരിത്രമാണ്. പൊതുജനങ്ങളുടെ ഓര്‍മ വളരെ ചെറുതാണെന്ന് ഓര്‍ക്കുക", ശാസ്‌ത്രി പറഞ്ഞു.