കേരളം

kerala

ETV Bharat / sports

Asia Cup: 'കണക്ക് തീര്‍ക്കാനുണ്ട്'; പാകിസ്ഥാനെതിരെ കളിക്കാന്‍ കാത്തിരിക്കുകയാണെന്ന് കെഎല്‍ രാഹുല്‍ - ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍

2021ലെ ടി20 ലോകകപ്പിലെ പാകിസ്ഥാനെതിരായ തോല്‍വി ഇന്ത്യന്‍ ടീമിനെ വേദനിപ്പിച്ചെന്ന് വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍.

Asia Cup 2022  Asia Cup  KL Rahul  India vs Pakistan  ഇന്ത്യ vs പാകിസ്ഥാന്‍  ഏഷ്യ കപ്പ്  കെഎല്‍ രാഹുല്‍  ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍  India vice captain KL Rahul
Asia Cup: 'കണക്ക് തീര്‍ക്കാനുണ്ട്'; പാകിസ്ഥാനെതിരെ കളിക്കാന്‍ കാത്തിരിക്കുകയാണെന്ന് കെഎല്‍ രാഹുല്‍

By

Published : Aug 27, 2022, 9:47 AM IST

ദുബായ്‌: ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഞായറാഴ്ച നടക്കുന്ന ഏഷ്യ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യ ചിരവൈരികളായ പാകിസ്ഥാനെ നേരിടും. 2021ലെ ടി20 ലോകകപ്പിൽ ഇതേവേദിയില്‍ പാകിസ്ഥാൻ ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിച്ചിരുന്നു. ഇതിന് ശേഷം ഇതാദ്യമായാണ് ഇരു ടീമുകളും നേര്‍ക്ക് നേരെത്തുന്നത്.

ഇപ്പോഴിതാ ലോകകപ്പില്‍ പാകിസ്ഥാനെതിരായ തോൽവി ടീമിനെ വേദനിപ്പിച്ചെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍. മത്സരത്തില്‍ ഇന്ത്യയെ പാക് ടീം നിഷ്‌പ്രഭരാക്കിയെന്നും കെഎൽ രാഹുൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

"ലോകകപ്പിലെ ഏത് കളിയും തോൽക്കുന്നത് നിങ്ങളെ അൽപ്പം വേദനിപ്പിക്കും. കഴിഞ്ഞ വർഷത്തെ ലോകകപ്പിലെ ഞങ്ങളുടെ ആദ്യ മത്സരമായിരുന്നു അത്, ഞങ്ങൾ വളരെ ആവേശത്തിലായിരുന്നു. ലോകകപ്പിൽ പ്രവേശിക്കുന്ന ഏതൊരു ടീമും നന്നായി തുടങ്ങാൻ ആഗ്രഹിക്കുന്നു. പക്ഷേ നിർഭാഗ്യവശാൽ അത് ഞങ്ങൾക്ക് സംഭവിച്ചിട്ടില്ല. ശരിക്കും ശക്തമായ പാകിസ്ഥാന്‍ അന്ന് ഞങ്ങളെ നിഷ്‌പ്രഭരാക്കുകയായിരുന്നു". കെഎല്‍ രാഹുൽ പറഞ്ഞു.

പാകിസ്ഥാനെ വീണ്ടും നേരിടാൻ ടീം ഉത്സുകരാണെന്നും, കളത്തിലിറങ്ങുമ്പോൾ ഇരു ടീമുകൾക്കും എന്ത് ചരിത്രമുണ്ടെങ്കിലും കാര്യമില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു. "അവർക്കെതിരെ ഒരിക്കൽ കൂടി കളിക്കാൻ ഞങ്ങൾക്ക് അവസരം ലഭിച്ചിരിക്കുന്നു. നാമെല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു മത്സരമാണിത്. അവര്‍ക്കെതിരെ കളിക്കാന്‍ ഞങ്ങള്‍ ആവേശഭരിതരാണ്. ചരിത്രമുണ്ടാകാം, പക്ഷേ ഓരോ മത്സരവും പൂജ്യത്തിൽ നിന്നാണ് ആരംഭിക്കുന്നത്" രാഹുല്‍ വ്യക്തമാക്കി.

ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഗ്രൂപ്പ് ഒന്നിലാണ് ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെട്ടിരിക്കുന്നത്. യോഗ്യത മത്സരം കളിച്ചെത്തിയ ഹോങ്കോങ്ങും ഗ്രൂപ്പിന്‍റെ ഭാഗമാണ്. ഗ്രൂപ്പ് ഘട്ടത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും വീണ്ടും ഏറ്റുമുട്ടുന്ന തരത്തിലാണ് ഇക്കുറി ടൂര്‍ണമെന്‍റ് നടക്കുക.

എവിടെ കാണാം : ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ് ഏഷ്യ കപ്പിന്‍റെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റര്‍മാര്‍. ഡിസ്‌നി ഹോട്‌സ്റ്റാര്‍ വഴിയും മത്സരം സംപ്രേഷണം ചെയ്യും. എല്ലാ ദിവസവും ഇന്ത്യന്‍ സമയം രാത്രി ഏഴരയ്ക്കാണ് മത്സരങ്ങള്‍ ആരംഭിക്കുക.

also read:ഏഷ്യ കപ്പ്: ടി20യില്‍ ഒന്നാം നമ്പര്‍ ബാറ്ററാവാന്‍ സൂര്യകുമാര്‍, അറിയാം ഇന്ത്യന്‍ താരങ്ങളെ കാത്തിരിക്കുന്ന നാഴികകല്ലുകള്‍

ABOUT THE AUTHOR

...view details