കറാച്ചി: ഒരിടവേളയ്‌ക്ക് ശേഷമാണ് ഏഷ്യ കപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെതിരായ മത്സരത്തിലൂടെ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി ടീമിലേക്ക് തിരിച്ചെത്തിയത്. മത്സരത്തില്‍ 34 പന്തില്‍ 35 റണ്‍സെടുത്ത താരം രവീന്ദ്ര ജഡേജയ്‌ക്കൊപ്പം ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു. മൂന്ന് ഫോറുകളും ഒരു സിക്‌സുമടങ്ങുന്നതായിരുന്നു താരത്തിന്‍റെ പ്രകടനം.
കോലി ദൈർഘ്യമേറിയ ഇന്നിങ്‌സ് കളിക്കണമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് പാകിസ്ഥാന്‍റെ മുന്‍ ക്യാപ്റ്റന്‍ ഇൻസമാം ഉള്‍ ഹഖ്. സെറ്റായതിന് ശേഷവും ആത്മവിശ്വാസത്തോടെ കളിക്കാന്‍ കോലിക്ക് കഴിഞ്ഞിരുന്നില്ലെന്നും ഇൻസമാം തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
"കോലിയുടെ മേൽ വളരെയധികം സമ്മർദം ഉണ്ടായിരുന്നു, അത് ഞാൻ ശ്രദ്ധിച്ചു. സാധാരണഗതിയിൽ, സെറ്റായ ഒരു ബാറ്ററെ പുറത്താക്കുന്നത് ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് 30-35 റൺസ് നേടിയാൽ, പക്ഷേ ഇന്നലെ പോലും കോലി അത്ര ആത്മവിശ്വാസം കാണിക്കുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. സെറ്റായതിന് ശേഷം ഇത് ശ്രദ്ധിക്കേണ്ട കാര്യമാണ്," ഇൻസമാം പറഞ്ഞു.