ന്യൂഡല്‍ഹി: ഇന്ത്യയുടെ റണ്‍മെഷീനായി ക്രിക്കറ്റ് ലോകം വിലയിരുത്തിയ താരമാണ് മുന്‍ ക്യാപ്‌റ്റന്‍ വിരാട് കോലി. എന്നാല്‍ സമീപ കാലത്തായി മോശം ഫോം വലയ്‌ക്കുന്ന താരത്തിന്‍റെ സ്ഥാനം തന്നെ ഇന്ത്യന്‍ ടീമില്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്‌ക്ക് പിന്നാലെ വിശ്രമം അനുവദിച്ച കോലി ഏഷ്യ കപ്പിലൂടെ വീണ്ടും ദേശീയ ടീമിലേക്ക് തിരിച്ചെത്താനിരിക്കുകയാണ്.
ടി20 ലോകകപ്പ് കൂടെ പടിവാതില്‍ക്കലെത്തി നില്‍ക്കെ മികച്ച ഒരു പരീക്ഷണശാല കൂടിയായാണ് മാനേജ്‌മെന്‍റ് ഏഷ്യ കപ്പിനെ കാണുന്നത്. പരിക്കേറ്റതിനെ തുടര്‍ന്ന് ഏറെ നാളായി പുറത്തായിരുന്ന കെഎല്‍ രാഹുലും ടൂര്‍ണമെന്‍റിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നുണ്ട്. എന്നാല്‍ മാറിയ കളി രീതിയില്‍ ഇവരെ എവിടെയാവും ടീമില്‍ ഉള്‍ക്കൊള്ളിക്കുകയെന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം.
പുത്തന്‍ കളി രീതിയില്‍ പുതിയ ഇന്ത്യ:നിലവില്‍ആക്രമണോത്സുക ക്രിക്കറ്റാണ് ഇന്ത്യ പരീക്ഷിക്കുന്നത്. ഇതോടെയാണ് മിക്ക മത്സരങ്ങളിലും 200ന് അടുത്ത് ടോട്ടലുയര്‍ത്താന്‍ ഇന്ത്യയ്‌ക്ക് കഴിയുന്നത്. ക്യാപ്‌റ്റന്‍ രോഹിത്തടക്കം ഈ കളിരീതിയിലേക്ക് മാറിക്കഴിഞ്ഞു.
അടുത്തിടെ കളിച്ച 16 ടി20കളില്‍ 145 സ്‌ട്രൈക്ക് റേറ്റോടെ 450 റണ്‍സ് അടിച്ച് കൂട്ടാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇംഗ്ലണ്ടിലെ ടി20 പരമ്പര തൊട്ട് നൂറ്റിഅന്‍പതിലേറെ സ്‌ട്രൈക്ക് റേറ്റിലാണ് രോഹിത്ത് ബാറ്റ് വീശുന്നത്. താരത്തോടൊപ്പം റിഷഭ് പന്തിനും സൂര്യകുമാര്‍ യാദവിനും ഓപ്പണിങ്ങില്‍ അവസരം നല്‍കിയതും ശ്രദ്ധേയമാണ്.
കഴിഞ്ഞ വർഷം യുഎഇയിൽ നടന്ന ടി20 ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് ലഘൂകരിക്കാനാകാത്ത ദുരന്തമായിരുന്നു. ഗ്രൂപ്പ് ഘട്ടം കടക്കാനാവാതെയാണ് സംഘം മടങ്ങിയത്. ഇതിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത് ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെ മെല്ലപ്പോക്ക് കൂടിയാണ്.
നിലയുറപ്പിച്ച ശേഷം അവസാന ഓവറുകളില്‍ ആക്രമിക്കുന്നതായിരുന്നു ഇവിടെ ഇന്ത്യയുടെ തന്ത്രം. ഇക്കാരണത്താല്‍ തന്നെ സ്‌കോര്‍ബോര്‍ഡില്‍ വലിയ അക്കങ്ങള്‍ കണ്ടെത്താന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നില്ല. ടോപ് ഓര്‍ഡറില്‍ വീണ്ടും ടോപ് ത്രീയെന്ന് വിശേഷിപ്പിക്കപ്പെടുന്ന രോഹിത്തും കോലിയും രാഹുലും തിരിച്ചെത്തുമ്പോള്‍ ഇതാവര്‍ത്തിക്കുമോയെന്നാണ് ആശങ്ക. എന്നാല്‍ മാറിയ കളിരീതിയ്‌ക്ക് അനുസരിച്ച് സ്വയം പരിവപ്പെടാന്‍ രോഹിത്തിന് കഴിഞ്ഞിട്ടുണ്ട്. ഇക്കാരണത്താല്‍ തന്നെ കോലിയും രാഹുലും ചോദ്യ ചിഹ്നമാവുകയാണ്.
പന്ത്, സൂര്യകുമാര്‍, ഡികെ: ഏഷ്യ കപ്പിലും തുടര്‍ന്ന് നടക്കുന്ന ടി20 ലോകകപ്പിലും ടോപ് ത്രീയെ മാനേജ്‌മെന്‍റ് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയാല്‍ റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ദിനേഷ് കാര്‍ത്തിക് എന്നിവരുടെ സ്ഥാനത്തിന് ഭീഷണിയാവുമെന്നുറപ്പ്. രാഹുല്‍ ഓപ്പണിങ്ങിലും കോലി മൂന്നാം നമ്പറിലും എത്തുകയാണെങ്കില്‍ ആരാവും പ്ലേയിങ് ഇലവനില്‍ നിന്നും പുറത്താവുകയെന്നതാണ് ചോദ്യം.
ആക്രമണോത്സുക ക്രിക്കറ്റ് കളിക്കുന്ന ടീമിലേക്ക് തങ്ങളുടെ മിന്നുന്ന പ്രകടനം കൊണ്ട് അവകാശവാദം ഉന്നയിക്കാന്‍ മൂവര്‍ക്കും കഴിഞ്ഞിട്ടുണ്ട്. ഐപിഎല്ലിന് ശേഷം ഫിനിഷറുടെ റോളിലേക്ക് ഡികെ ഉയര്‍ന്നപ്പോള്‍ മൈതാനം മുഴുവന്‍ പന്ത് പായിച്ച് ഡികെയും കൂറ്റന്‍ ഷോട്ടുകളിലൂടെ റിഷഭ് പന്തും ടീമിന് മുതല്‍ക്കൂട്ടാവുകയാണ്. ധാരാളം ഷോട്ടുകളും മത്സരം ഒറ്റയ്‌ക്ക് ഗതിമാറ്റാനും കഴിയുന്ന താരമെന്ന രീതിയിലേക്ക് വളര്‍ന്ന സൂര്യയെ സംബന്ധിച്ച് പ്ലേയിങ് ഇലനില്‍ ഏറെക്കുറെ സ്ഥാനം ഉറപ്പാണ്.
54 മത്സരങ്ങളില്‍ നിന്നും 126 സ്‌ട്രൈക്ക് റേറ്റാണ് പന്തിനുള്ളത്. എന്നാല്‍ വലിയ ടൂര്‍ണമെന്‍റുകളില്‍ എത്രത്തോളം സ്ഥിരത പുലര്‍ത്താന്‍ കഴിയുമെന്ന് താരം തെളിയിക്കേണ്ടിയിരിക്കുന്നു. കാർത്തികിന് മുന്നിലും ഇതേ വെല്ലുവിളിയാണുള്ളത്. എന്നാല്‍ ലാറ്ററൽ മൂവ്‌മെന്‍റും ബൗൺസും കുറവുള്ള ഓസ്‌ട്രേലിയൻ ട്രാക്കുകളിൽ താരത്തിന് മികച്ച രീതിയില്‍ കളിക്കാനാവുമെന്നാണ് വിലയിരുത്തല്‍.
ഇതിന് പിന്നാലെ ലഭിച്ച അവസരങ്ങള്‍ പൂര്‍ണമായും മുതലാക്കി മിന്നുന്ന ഫോമിലുള്ള ദീപക് ഹൂഡയും ഇവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തും. ഇതോടെ ടോപ് ത്രീയുടെ തിരഞ്ഞെടുപ്പ് ടീമിന്‍റെ കളി ശൈലി തന്നെ മാറ്റി മറിയ്‌ക്കുമെന്ന് ഉറപ്പാണ്. അല്ലെങ്കില്‍ ആക്രമണോത്സുക ക്രിക്കറ്റെന്ന പുതിയ രീതിക്കൊപ്പം നില്‍ക്കാന്‍ തങ്ങള്‍ക്കാവുമെന്ന് രാഹുലും കോലിയും തെളിയിക്കേണ്ടിയും വരും.
also read: 'കോലിയുടെ ശൈലി ടി20ക്ക് യോജിച്ചതല്ല' ; തന്‍റെ ടീമില്‍ താരത്തിന് സ്ഥാനമില്ലെന്ന് അജയ് ജഡേജ