ദുബായ് : ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ താരം വിരാട് കോലി തന്‍റെ കഴിവിന്‍റെ 200 ശതമാനം നൽകുമെന്ന് അഫ്ഗാനിസ്ഥാൻ മുന്‍ ക്യാപ്റ്റന്‍ അസ്‌ഗർ അഫ്‌ഗാൻ. ചിരവൈരികളുടെ പോരാട്ടത്തിന് മുന്നോടിയായി ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടാണ് അഫ്‌ഗാന്‍റെ പ്രതികരണം. ഇന്ന് രാത്രി ഏഴരയ്‌ക്ക് ദുബായിലാണ് ഇന്ത്യ-പാക് മത്സരം.
'കോലി പാകിസ്ഥാനെതിരെ മികച്ച പ്രകടനം നടത്തും. വലിയ മത്സരങ്ങളിൽ അദ്ദേഹം എപ്പോഴും തിളങ്ങാറുണ്ട്. പല കാര്യങ്ങളും ഭാഗ്യത്തെ ആശ്രയിച്ചിരിക്കുന്നുവെങ്കിലും, അദ്ദേഹത്തിന് റൺസിനായി അടങ്ങാത്ത ദാഹവും വിശപ്പുമുണ്ട്. പാകിസ്ഥാനെതിരെ തന്‍റെ കഴിവിന്‍റെ 200 ശതമാനവും അദ്ദേഹം നല്‍കും'- അഫ്‌ഗാൻ പറഞ്ഞു.
മത്സരത്തില്‍ ഇന്ത്യയ്‌ക്ക് മുൻതൂക്കമുണ്ടെന്നും അഫ്‌ഗാന്‍ അഭിപ്രായപ്പെട്ടു. ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചുവെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ ഷഹീൻ ഷാ അഫ്രീദിയുടെ അഭാവം പാകിസ്ഥാനെ സംബന്ധിച്ച് ദൗർഭാഗ്യകരമാണെന്നും അഫ്‌ഗാന്‍ പറഞ്ഞു.