അഡ്‌ലെയ്‌ഡ് : പിങ്ക് ബോള്‍ ടെസ്റ്റില്‍ (ഡേ-നൈറ്റ് ടെസ്റ്റ്) പുതിയ ചരിത്രം കുറിച്ച് ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. പിങ്ക് ബോള്‍ ടെസ്റ്റില്‍ 50 വിക്കറ്റുകള്‍ തികച്ച ആദ്യ ബൗളറെന്ന റെക്കോഡാണ് സ്റ്റാര്‍ക്ക് സ്വന്തമാക്കിയത്.
അഡ്‌ലെയ്‌ഡില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ആഷസ് ടെസ്റ്റിലാണ് മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത നേട്ടം സ്റ്റാര്‍ക്ക് സ്വന്തം പേരില്‍ കുറിച്ചത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ഇന്നിങ്‌സിലാണ് താരത്തിന്‍റെ നേട്ടം. സ്റ്റാര്‍ക്കിന്‍റെ ഒമ്പതാമത്തെ മാത്രം പിങ്ക് ബോള്‍ മത്സരമാണിത്.
മത്സരത്തിനിറങ്ങും മുമ്പ് 46 പിങ്ക് ബോള്‍ വിക്കറ്റുകളായിരുന്നു താരത്തിന്‍റെ പട്ടികയില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് നാല് വിക്കറ്റുകള്‍ വീഴ്‌ത്തിയ സ്റ്റാര്‍ക്ക് ചരിത്ര നേട്ടം സ്വന്തമാക്കുകയും ഓസീസിന് മിന്നുന്ന ലീഡ് നേടുന്നതില്‍ നിര്‍ണായകമാവുകയും ചെയ്‌തു.