എഡ്‌ജ്‌ബാസ്റ്റണ്‍: ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് വിഖ്യാതമായ എഡ്‌ജ്‌ബാസ്റ്റണ്‍ സ്റ്റേഡിയത്തില്‍ ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. ബാറ്റും പന്തും തമ്മിലുള്ള മത്സരം എന്നതിനപ്പുറം 'ഫാൻ ഫാക്‌ടർ' കൂടിയാണ് ആഷസിനെ സവിശേഷമാക്കുന്നത്. തങ്ങള്‍ പിന്തുണയ്‌ക്കുന്ന ടീമിനെ പ്രോത്സാഹിപ്പിക്കാനും എതിരാളികളെ പരമാവധി തളര്‍ത്തുള്ള എല്ലാ ശ്രമങ്ങളും ഗ്യാലറയില്‍ നിന്നു തന്നെ ഇക്കൂട്ടര്‍ നടത്താറുണ്ട്.
ഇപ്പോഴിതാ എഡ്‌ജ്‌ബാസ്റ്റണിലെ പോരിന്‍റെ നാലാം ദിനത്തില്‍ ഓസ്‌ട്രേലിയന്‍ താരം സ്‌റ്റീവ് സ്‌മിത്തിനെ പ്രകോപിപ്പിക്കാന്‍ ഇംഗ്ലീഷ് ആരാധകര്‍ നടത്തിയ ശ്രമവും അതിനോടുള്ള താരത്തിന്‍റെ പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 2018-ൽ 'സാൻഡ്പേപ്പർ ഗേറ്റ്' വിവാദത്തില്‍ വിലക്ക് ലഭിച്ചതിന് പിന്നാലെയുള്ള തത്സമയ വാര്‍ത്ത സമ്മേളനത്തിടെ സ്‌റ്റീവ് സ്‌മിത്ത് പൊട്ടിക്കരഞ്ഞിരുന്നു.
ഇക്കാര്യത്തെ പരിഹസിച്ച് 'നിന്‍റെ കരച്ചില്‍ ഞങ്ങൾ കണ്ടിട്ടുണ്ട്' എന്നാണ് ഇംഗ്ലണ്ട് ആരാധകര്‍ ഗ്യാലറിയില്‍ നിന്നും വിളിച്ച് പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഇതിനെ ഗൗരവമായി എടുക്കാതെ ചിരിച്ച് തള്ളുകയാണ് 34-കാരനായ ഓസീസ് ബാറ്റര്‍ ചെയ്‌തത്. ആരാധകര്‍ സ്‌മിത്തിനെ കളിയാക്കുന്ന സമയത്ത് ക്രീസിലുണ്ടായിരുന്ന ഇംഗ്ലണ്ട് ബാറ്റര്‍ ഒല്ലി റോബിൻസന്റെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നതും വീഡിയോയില്‍ കാണാം.
അതേസമയം രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിന് ശേഷം ഇംഗ്ലണ്ട് ഉയര്‍ത്തിയ 281 റണ്‍സ് പിന്തുടരുന്ന ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 107 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെയാണ് നാലാം ദിന മത്സരം അവസാനിപ്പിച്ചത്. ഇതോടെ മത്സരത്തിന്‍റെ അവസാന ദിനമായ ഇന്ന് വിജയം നേടാന്‍ ഓസ്‌ട്രേലിയയ്‌ക്ക് 174 റണ്‍സാണ് വേണ്ടത്. മറുവശത്ത് ഓസീസിന്‍റെ ശേഷിക്കുന്ന ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ ഇംഗ്ലണ്ടിനും ജയിച്ച് കയറാം.