എഡ്ജ്ബാസ്റ്റണ്:ആഷസ് (Ashes) പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുന്നു. മത്സരത്തിന്റെ അവസാന ദിവസമായ ഇന്ന് ജയം പിടിക്കാന്‍ ഓസ്ട്രേലിയക്ക് (Australia) 174 റണ്‍സാണ് വേണ്ടത്. മറുവശത്ത് ഇന്ന് ഏഴ് വിക്കറ്റ് സ്വന്തമാക്കാനായാല്‍ ഇംഗ്ലണ്ടിനും (England) കളി പിടിക്കാം.
രണ്ടാം ഇന്നിങ്സിന് പിന്നാലെ ഇംഗ്ലണ്ട് ഉയര്‍ത്തിയ 281 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്ട്രേലിയ നിലവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് നേടിയിട്ടുണ്ട്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സില്‍ ഓസ്ട്രേലിയയെ തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടുത്തിയ ഉസ്മാന് ഖവാജയ്ക്കൊപ്പം (34) നൈറ്റ് വാച്ച്മാന് ആയെത്തിയ സ്കോട്ട് ബോളണ്ടാണ് (13) ക്രീസില്‍.
28-2 എന്ന നിലയില്‍ നാലാം ദിനത്തില്‍ രണ്ടാം ഇന്നിങ്സ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് 245 റണ്‍സായിരുന്നു കൂട്ടിച്ചേര്‍ക്കാനായത്. ഓസീസ് നായകന് പാറ്റ് കമ്മിന്‍സ് (Pat Cummins) എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ജോ റൂട്ട് (Joe Root) 16 റണ്‍സ് അടിച്ചെടുത്തു. പിന്നീട് പതിഞ്ഞ താളത്തില്‍ റണ്‍സ് കണ്ടെത്തി തുടങ്ങിയ അവര്‍ക്ക് 17-ാം ഓവറില്‍ 14 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ഒലീ പോപ്പിനെ (Olie Pop) നഷ്ടമായി.
നാലാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച ജോ റൂട്ടും ഹാരി ബ്രൂക്കും ചേര്‍ന്നാണ് പിന്നീട് ആതിഥേയരുടെ സ്കോര്‍ ഉയര്‍ത്തിയത്. സ്കോര്‍ 130ല്‍ നില്‍ക്കെ ഇംഗ്ലണ്ടിന് റൂട്ടിനെ നഷ്ടമായി. 55 പന്തില്‍ 46 റണ്‍സ് നേടിയ റൂട്ടിനെ നാഥന് ലിയോണിന്റെ (Nathan Lyon) പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരി (Alex Carry) സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു.
34-ാം ഓവറില്‍ ഹാരി ബ്രൂക്കിനെയും (Harry Brook) ഓസ്ട്രേലിയ തിരികെ പവലിയനിലെത്തിച്ചു. നാഥന് ലിയോണ്‍ തന്നെ ആയിരുന്നു ഈ വിക്കറ്റും നേടിയത്. 52 പന്തില്‍ 46 റണ്‍സ് നേടിയ ബ്രൂക്ക് പുറത്താകുമ്പോള്‍ 150 റണ്‍സായിരുന്നു ഇംഗ്ലീഷ് സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്.
ആറാം വിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയര്‍സ്റ്റോയും (Jonny Bairstow) നായകന് ബെന്‍ സ്റ്റോക്സും (Ben Stokes) ചേര്‍ന്ന് ഇംഗ്ലണ്ട് സ്കോറിലേക്ക് 46 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 46-ാം ഓവറില്‍ ബെയര്‍സ്റ്റോയെ (20) മടക്കി ലിയോണ്‍ വീണ്ടും ഓസീസിന്റെ രക്ഷകനായെത്തി. ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പുറത്തായപ്പോഴേക്കും അവരുടെ രണ്ടാം ഇന്നിങ്സ് ലീഡ് 200 കടന്നിരുന്നു.