ലണ്ടൻ : ടെസ്റ്റ് ക്രിക്കറ്റിന്‍റെ നിലവിലെ രാജാവ് താൻ തന്നെയാണെന്ന് തെളിയിച്ചുകൊണ്ട് സെഞ്ച്വറി തിളക്കവുമായി ഓസ്‌ട്രേലിയൻ സൂപ്പർ താരം സ്റ്റീവ് സ്‌മിത്ത്. ആഷസ് പരമ്പരയുടെ രണ്ടാം ടെസ്റ്റിലാണ് സ്‌മിത്ത് തന്‍റെ 32-ാം ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്നിങ്‌സുകളുടെ എണ്ണത്തിൽ ഏറ്റവും വേഗത്തിൽ 32 സെഞ്ച്വറികൾ നേടിയ താരം എന്ന നേട്ടവും സ്‌മിത്ത് സ്വന്തമാക്കി.
മത്സരത്തിന്‍റെ രണ്ടാം ദിനമായ ഇന്നാണ് സ്‌മിത്ത് തകർപ്പൻ സെഞ്ച്വറി പൂർത്തിയാക്കിയത്. ഒരറ്റത്ത് വിക്കറ്റുകൾ പൊഴിയുമ്പോഴും പതറാതെ ബാറ്റ് വീശിയ സ്‌മിത്ത് 184 പന്തിൽ 15 ഫോറുകൾ ഉൾപ്പടെ 110 റണ്‍സ് നേടിയാണ് പുറത്തായത്. ജിമ്മി അൻഡേഴ്‌സണെ ബൗണ്ടറി കടത്തിയാണ് സ്‌മിത്ത് സെഞ്ച്വറി പൂർത്തിയാക്കിയത്. ഇതിന് പിന്നാലെ ജോഷ് ടംഗിന്‍റെ പന്തിൽ തകർപ്പനൊരു ക്യാച്ചിലൂടെ ബെൻ ഡക്കെറ്റ് സ്‌മിത്തിനെ പിടികൂടുകയും ചെയ്‌തു.
റെക്കോഡുകളുടെ കൂമ്പാരം : ഇതേസമയം ഇംഗ്ലണ്ടിനെതിരെ സ്‌മിത്തിന്‍റെ 12-ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. കരിയറിലെ 99-ാം ടെസ്റ്റ് മത്സരം കളിക്കുന്ന സ്‌മിത്ത് ഇന്ത്യക്കെതിരെ ഒൻപത് സെഞ്ച്വറിയും നേടിയിട്ടുണ്ട്. രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ദിനം തന്നെ ടെസ്റ്റിൽ 9000 റണ്‍സ് എന്ന നേട്ടത്തിലേക്കും സ്‌മിത്ത് എത്തിയിരുന്നു. നിലവിൽ ടെസ്റ്റിൽ 9079 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം. 32 സെഞ്ച്വറികൾ കൂടാതെ നാല് ഇരട്ട ശതകങ്ങളും 37 അർധ ശതകങ്ങളും ഇതിൽ ഉൾപ്പെടുന്നു.
9000 ക്ലബ്ബില്‍ ഇടം നേടുന്ന നാലാമത്തെ ഓസ്‌ട്രേലിയൻ താരമാണ് സ്റ്റീവ് സ്‌മിത്ത്. കൂടാതെ ഇന്നിങ്‌സ് അടിസ്ഥാനത്തിൽ ഏറ്റവും വേഗത്തിൽ 9000 റണ്‍സ് പിന്നിടുന്ന രണ്ടാമത്തെ ക്രിക്കറ്റ് താരം എന്ന നേട്ടവും സ്‌മിത്ത് സ്വന്തമാക്കി. ടെസ്റ്റ് കരിയറിലെ 174-ാം ഇന്നിങ്‌സിലാണ് സ്‌മിത്ത് 9000 ക്ലബ്ബിലെത്തിയത്. 172 ഇന്നിങ്‌സുകളിൽ നിന്ന് ഈ നേട്ടത്തിലെത്തിയ കുമാർ സംഗക്കാരയാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
രാഹുൽ ദ്രാവിഡ് (176), ബ്രയാൻ ലാറ (177), റിക്കി പോണ്ടിങ് (177) എന്നിവരെയും സ്‌മിത്ത് ഇതോടെ മറികടന്നു. ഫാബുലർ ഫോറിൽ (സ്റ്റീവ് സ്‌മിത്ത്, ജോ റൂട്ട്, കെയ്‌ൻ വില്യംസണ്‍, വിരാട് കോലി) എറ്റവുമധികം ടെസ്റ്റ് സെഞ്ച്വറിയുള്ളതും സ്‌മിത്തിന് തന്നെയാണ്. ജോ റൂട്ടിന് 132 മത്സരങ്ങളിൽ നിന്ന് 30 സെഞ്ച്വറികളും, വില്യംസണിന് 94 മത്സരങ്ങളിൽ നിന്ന് 28 സെഞ്ച്വറികളും, കോലിക്ക് 109 മത്സരങ്ങളിൽ നിന്ന് 28 സെഞ്ച്വറികളുമാണുള്ളത്.
ഓൾഔട്ടായി ഓസ്‌ട്രേലിയ : അതേസമയം രണ്ടാം ആഷസ് ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ 416 റണ്‍സിന് ഓൾഔട്ട് ആയി. 110 റണ്‍സുമായി സ്റ്റീവ് സ്‌മിത്ത്, 77 റണ്‍സുമായി ട്രാവിസ് ഹെഡ്, 66 റണ്‍സ് നേടിയ ഡേവിഡ് വാർണർ എന്നിവർക്ക് മാത്രമേ ഓസ്‌ട്രേലിയൻ നിരയിൽ തിളങ്ങാനായുള്ളൂ. ഇംഗ്ലണ്ടിനായി ഓലി റോബിൻസണ്‍, ജോഷ് ടംഗ് എന്നിവർ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ജോ റൂട്ട് രണ്ടും, ജെയിംസ് ആൻഡേഴ്‌സണ്‍, സ്റ്റുവർട്ട് ബ്രോഡ് എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.