ലണ്ടന്‍:ലോര്‍ഡ്‌സില്‍ ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഭേദപ്പെട്ട തുടക്കമായിരുന്നു ഓസ്‌ട്രേലിയക്ക് ലഭിച്ചത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ സന്ദര്‍ശകര്‍ക്ക് വേണ്ടി ഓപ്പണര്‍മാരായ ഉസ്‌മാന്‍ ഖവാജയും (Usman Khawaja) ഡേവിഡ് വാര്‍ണറും (David Warner) ചേര്‍ന്ന് കരുതലോടെയാണ് തുടങ്ങിയത്. പതിഞ്ഞ താളത്തില്‍ റണ്‍സ് അടിച്ചുതുടങ്ങിയ ഇരുവരും ആദ്യ വിക്കറ്റില്‍ 73 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ഒന്നാം വിക്കറ്റില്‍ റണ്‍സ് കണ്ടെത്തുന്നതില്‍ പ്രധാനി ഡേവിഡ് വാര്‍ണര്‍ ആയിരുന്നു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ നിറം മങ്ങിപ്പോയ വാര്‍ണര്‍ രണ്ടാം മത്സരത്തിലൂടെ ഫോമിലേക്ക് എത്തി. എഡ്‌ജ്ബാസ്റ്റണിലെ രണ്ട് ഇന്നിങ്‌സില്‍ നിന്നായി 45 റണ്‍സ് മാത്രമായിരുന്നു ഓസീസ് ഇടം കയ്യന്‍ ബാറ്റര്‍ നേടിയത്.
എന്നാല്‍, ലോര്‍ഡ്‌സില്‍ തകര്‍പ്പന്‍ പ്രകടനമാണ് വാര്‍ണര്‍ കാഴ്‌ചവച്ചത്. ആദ്യ മത്സരത്തിലേതിന് സമാനമായ രീതിയില്‍ നിലയുറപ്പിച്ച് കളിക്കാനായിരുന്നു ഉസ്‌മാന്‍ ഖവാജയുടെ ശ്രമം. അതിന് വേണ്ട രീതിയില്‍ അടിത്തറയൊരുക്കാനും താരത്തിന് സാധിച്ചിരുന്നുവെങ്കിലും ഇന്നിങ്‌സ് അതേപടി പടുത്തുയര്‍ത്താന്‍ ഉസ്‌മാന്‍ ഖവാജയ്‌ക്ക് സാധിച്ചില്ല.
ജോഷ് ടംഗ് (Josh Tongue) പന്തെറിയാനെത്തിയ 24-ാം ഓവറില്‍ ഖവാജ പുറത്തായി. തകര്‍പ്പന്‍ ഒരു പന്തിലൂടെ ടംഗ് ഖവാജയെ ക്ലീന്‍ ബൗള്‍ഡ് ആക്കുകയായിരുന്നു. ടംഗ് എറിഞ്ഞ ഷോട്ട് ഡെലിവറി ലീവ് ചെയ്യാനായിരുന്നു ഉസ്‌മാന്‍ ഖവാജയുടെ ശ്രമം.
എന്നാല്‍, പന്തിന്‍റെ വരവ് എങ്ങോട്ടേക്കാണെന്ന് കൃത്യമായി മനസിലാക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല. ഖവാജ ലീവ് ചെയ്‌ത പന്ത് നേരെ ഓഫ് സ്റ്റമ്പ് തെറിപ്പിച്ചു. ടെസ്റ്റ് കരിയറില്‍ ജോഷ് ടംഗിന്‍റെ ആറാമത്തെയും ആഷസിലെ ആദ്യത്തേയും വിക്കറ്റായിരുന്നു ഇത്.