ലണ്ടന്‍:ആഷസ് (Ashes) പരമ്പരയിലെ രണ്ടാം മത്സരത്തിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ വമ്പന്‍ സ്‌കോര്‍ ലക്ഷ്യമിട്ട് സന്ദര്‍ശകരായ ഓസ്‌ട്രേലിയ (Australia) ഇന്ന് ഇറങ്ങും. ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനെത്തിയ കങ്കാരുപ്പട മത്സരത്തിന്‍റെ ഒന്നാം ദിവസം 339 റണ്‍സ് നേടിയിരുന്നു. അഞ്ച് വിക്കറ്റുകളാണ് അവര്‍ക്ക് ഇന്നലെ (ജൂണ്‍ 28) നഷ്‌ടമായത്.
അര്‍ധസെഞ്ച്വറി നേടിയ സ്റ്റീവ് സ്‌മിത്ത് (Steve Smith), വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്‌സ് കാരി (Alex Carey) എന്നിവരാണ് ക്രീസില്‍. സ്‌മിത്ത് 85 റണ്‍സും കാരി 11 റണ്‍സും നേടിയിട്ടുണ്ട്. ഒന്നാം ദിനത്തില്‍ ഇംഗ്ലണ്ടിനായി ജോഷ് ടംഗും (Josh Tongue), ജോ റൂട്ട് (Joe Root) എന്നിവര്‍ രണ്ടും ഒലീ റോബിന്‍സണ്‍ (Ollie Robinson) ഒരു വിക്കറ്റും നേടി.
ലോര്‍ഡ്‌സില്‍ ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്റ്റോക്‌സ് ആദ്യം സന്ദര്‍ശകരെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ കങ്കാരുപ്പടയ്‌ക്കായി ഓപ്പണര്‍മാര്‍ ഭേദപ്പെട്ട തുടക്കം സമ്മാനിച്ചു. ഡേവിഡ് വാര്‍ണര്‍ (David Warner), ഉസ്‌മാന്‍ ഖവാജ (Usman Khawaja) സഖ്യം ആദ്യ വിക്കറ്റില്‍ 73 റണ്‍സ് ആണ് നേടിയത്.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ നിറം മങ്ങിപ്പോയ ഡേവിഡ് വാര്‍ണര്‍ ആയിരുന്നു ഈ കൂട്ടുകെട്ടിന്‍റെ നെടുംതൂണ്‍. ഒരുവശത്ത് ഖവാജ നിലയുറപ്പിച്ച് കളിച്ചപ്പോള്‍ മറുവശത്ത് വാര്‍ണര്‍ റണ്‍സ് കണ്ടെത്തിക്കൊണ്ടേയിരുന്നു. 24-ാം ഓവറിലാണ് ഓസ്‌ട്രേലിയയ്‌ക്ക് മത്സരത്തില്‍ ആദ്യ വിക്കറ്റ് നഷ്‌ടപ്പെടുന്നത്.
70 പന്തില്‍ 17 റണ്‍സ് നേടിയ ഖവാജയെ ഇംഗ്ലണ്ടിനായി രണ്ടാം മത്സരത്തിനിറങ്ങിയ ജോഷ് ടംഗ് ആണ് മടക്കിയത്. ഇതിനിടെ ഡേവിഡ് വാര്‍ണര്‍ ടെസ്റ്റ് കരിയറിലെ 34-ാം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. മത്സരത്തിന്‍റെ 30-ാം ഓവറില്‍ വാര്‍ണറിനെയും (66) തിരികെ പവലിയനില്‍ എത്തിക്കാന്‍ ജോഷ് ടംഗിനായി.