അഹമ്മദാബാദ്:ഏകദിന ലോകകപ്പിലെ (Cricket World Cup 2023) ഇന്ത്യ- പാകിസ്ഥാന്‍ മത്സരം കളറാക്കാനൊരുങ്ങി ബിസിസിഐ (BCCI). ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടമാണ് ഇന്ത്യയും പാകിസ്ഥാനും (India vs Pakistan) തമ്മില്‍ നടക്കുക. നാളെ (ഒക്‌ടോബര്‍ 14) അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് രോഹിത് ശര്‍മയും (Rohit Sharma) സംഘവും അണിനിരക്കുന്ന ഇന്ത്യയും ബാബര്‍ അസമിന്‍റെയും (Babar Azam) കൂട്ടരുടെയും പാകിസ്ഥാനും മുഖാമുഖം വരുന്ന മത്സരം ആരംഭിക്കുന്നത്.
ഈ ലോകകപ്പില്‍ വന്‍ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്ന മത്സരമാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നത്. ഈ സാഹചര്യത്തില്‍ മത്സരത്തിന് മുന്നോടിയായി ശ്രദ്ധേയമായ പരിപാടികള്‍ നടത്താനും ബിസിസിഐ പദ്ധതിയിട്ടിട്ടുണ്ട്. അതില്‍ ഒന്നാണ് പ്രശസ്‌ത ഗായകന്‍ അരിജിത് സിങ് (Arijith Singh) അവതരിപ്പിക്കുന്ന സംഗീത പരിപാടി.
മത്സരദിവസം ഉച്ചയ്‌ക്ക് 12:30നാണ് അരിജിത് സിങ് അവതരിപ്പിക്കുന്ന സംഗീത പരിപാടി ആരംഭിക്കുന്നത് (Arjit Singh Musical Concert ahead India vs Pakistan Match). ബിസിസിഐ തന്നെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. അരിജിത് സിങ്ങിനെ കൂടാതെ ഇന്ത്യയില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരും മത്സരം കാണാന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തിന് മുന്നോടിയായി വര്‍ണാഭമായ ചടങ്ങ് സംഘടിപ്പിക്കുന്നതിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. നേരത്തെ, ലോകകപ്പിലെ ആദ്യ മത്സരത്തിന് മുന്‍പ് ബിസിസിഐ ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കിയിരുന്നു. സമയപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ബിസിസിഐ ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കിയത്.