മുംബൈ: ബംഗ്ലാദേശ് വനിതകള്‍ക്കെതിരായ മൂന്നാം എകദിനത്തിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്‍റെ പെരുമാറ്റം മോശമായെന്ന് മുന്‍ താരം അഞ്ജും ചോപ്ര. വിയോജിപ്പുകള്‍ രേഖപ്പെടുത്തുന്ന സമയത്ത് ഹര്‍മന്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തേണ്ടതുണ്ട്. ഇപ്പോഴത്തെ ദേഷ്യമൊക്കെ അവസാനിക്കുമ്പോള്‍ ഹര്‍മന്‍പ്രീത് കൗര്‍ ഇക്കാര്യം ആലോചിക്കും എന്നാണ് താന്‍ കരുതുന്നതെന്നും അഞ്ജും ചോപ്ര പറഞ്ഞു.
"നിങ്ങളുടെ അനിഷ്ടം പ്രകടിപ്പിക്കുന്നതിൽ ഒരു പ്രശ്‌നവുമില്ല. എന്നാൽ അത് എങ്ങനെ, എപ്പോൾ ചെയ്യുന്നു എന്നതാണ് പ്രധാനം. ഹര്‍മപ്രീത് കൗര്‍ തന്‍റെ വാക്കുകളുടെ തെരഞ്ഞെടുപ്പിലും പ്രയോഗത്തിലൂം കൂടുതല്‍ ശ്രദ്ധേക്കേണ്ടതുണ്ട്. സ്‌നിക്കോമീറ്ററോ ബോൾ ട്രാക്കിങ്ങോ ഇല്ലാത്ത മത്സരങ്ങളില്‍ തീരുമാനമെടുക്കുകയെന്നത് അമ്പയര്‍മാര്‍ക്ക് അല്‍പം പ്രയാസമായ കാര്യമാണ്.
ചില തീരുമാനങ്ങൾ പക്ഷപാതപരമെന്ന് തോന്നിയിരുന്നുവെങ്കില്‍, കാര്യങ്ങള്‍ ഇതിലും നന്നായി കൈകാര്യം ചെയ്യാന്‍ കഴിയുമായിരുന്നില്ലേ. എന്തുകൊണ്ടാണ് ഇന്ത്യൻ ക്യാപ്റ്റൻ മത്സരത്തിന് ശേഷമുള്ള പോസ്റ്റ് മാച്ച് പ്രസന്‍റേഷനില്‍ തന്‍റെ അതൃപ്തി പ്രകടിപ്പിക്കുന്നത്?. ഇതിലും മികച്ച രീതിയില്‍ തന്നെ അവര്‍ക്ക് ഇതു കൈകാര്യം ചെയ്യാമായിരുന്നു" -അഞ്ജും ചോപ്ര കൂട്ടിച്ചേര്‍ത്തു.
മത്സരത്തില്‍ ഹര്‍മപ്രീത് കൗറിന്‍റെ പെരുമാറ്റം ഏറെ ചര്‍ച്ചയായിരുന്നു. മിര്‍പൂരില്‍ നടന്ന കളിയില്‍ നഹിദ അക്തറിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായ താരം സ്റ്റംപ് അടിച്ചുതെറിപ്പിച്ചിരുന്നു. പാഡില്‍ തട്ടും മുമ്പ് പന്ത് ബാറ്റില്‍ കൊണ്ടുവെന്ന വിശ്വാസമായിരുന്നു ഹര്‍മനെ ഇതിന് പ്രേരിപ്പിച്ചത്. ഗ്രൗണ്ടില്‍ നിന്നും തിരിച്ചുനടക്കുമ്പോള്‍ അമ്പയറോട് ഹര്‍മന്‍പ്രീത് തര്‍ക്കിക്കുകയും ചെയ്‌തിരുന്നു.
സമനിലയില്‍ അവസാനിച്ച മത്സരത്തിന് ശേഷം അമ്പയര്‍മാര്‍ക്കെതിരെ കടുത്ത വിമര്‍നമായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ നടത്തിയത്. അമ്പയറിങ് നിലവാരം തീര്‍ത്തും അതിശയിപ്പിച്ചുവെന്ന് പറഞ്ഞ ഹര്‍മന്‍പ്രീത് കൗര്‍, ബംഗ്ലാദേശിലേക്ക് അടുത്ത തവണ വരുമ്പോള്‍ ഇതുകൂടി കണക്കിലെടുത്തുള്ള തയ്യാറെടുപ്പുകള്‍ നടത്തുമെന്നായിരുന്നു തുറന്നടിച്ചത്. പിന്നാലെ സമ്മാനദാന ചടങ്ങില്‍ പങ്കെടുക്കുമ്പോളും ഹര്‍മന്‍റെ കലിപ്പ് തീര്‍ന്നിരുന്നില്ല.
ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്നതിനായി അമ്പയര്‍മാരെ കൂടെ വിളിക്കൂവെന്ന് ഹര്‍മന്‍പ്രീത് കൗര്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു. അവരും ബംഗ്ലാദേശ് ടീമിന്‍റെ ഭാഗമാണെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു താരത്തിന്‍റെ വാക്കുകള്‍.
'നിങ്ങള്‍ മാത്രം എന്താണിവിടെ? നിങ്ങൾ മത്സരം സമനിലയിലാക്കിയിട്ടില്ല. അമ്പയർമാർ അത് നിങ്ങൾക്കായി ചെയ്‌തു. അവരെ വിളിക്കൂ... ഞങ്ങൾ അവരുടെ കൂടെ ഒരു ഫോട്ടോ എടുക്കുന്നതാവും നല്ലത്' എന്നും ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇതോടെ ബംഗ്ലാ ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയും മറ്റ് ബംഗ്ലാദേശ് താരങ്ങളും ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാതെ ഗ്രൗണ്ട് വിടുകയും ചെയ്‌തു.
മൂന്ന് മത്സര പരമ്പര 1-1 എന്ന നിലയിലാണ് ഇന്ത്യയും ബംഗ്ലാദേശും സമനിയില്‍ പിരിഞ്ഞത്. ആദ്യ ഏകദിനത്തില്‍ ബംഗ്ലാദേശ് വിജയിച്ചപ്പോള്‍ രണ്ടാം എകദിനം പിടിച്ച് ഇന്ത്യ തിരിച്ചുവന്നിരുന്നു. മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 225 റണ്‍സാണ് നേടിയിരുന്നത്. മറുപടിക്കിറങ്ങിയ 49.3 ഓവറില്‍ ഇതേ സ്‌കോറില്‍ പുറത്താവുകായിരുന്നു.
ALSO READ: Emerging Teams Asia Cup | ഇന്ത്യ എ- പൂജ്യം, പാകിസ്ഥാൻ എ- 80: എമർജിങ് കപ്പില്‍ പാകിസ്ഥാൻ കപ്പടിച്ചത് 'സീനിയർ' ടീമിനെ വെച്ച് ആക്ഷേപം