ലഖ്‌നൗ: ഐപിഎല്ലിന്‍റെ പുതിയ സീസണിൽ അരങ്ങേറ്റം കുറിക്കുന്ന ലഖ്‌നൗ ആസ്ഥാനമായുള്ള ടീമിന്‍റെ മുഖ്യ പരിശീലകനായി സിംബാബ്‌വേയുടെ മുൻ ഇതിഹാസ താരം ആൻഡി ഫ്‌ളവറിനെ നിയമിച്ചു. ബിസിസിഐയുടെ അനുമതി ലഭിച്ചതോടെയാണ് മുഖ്യ പരിശീലകനെ നിയമിച്ച കാര്യം ഫ്രാഞ്ചൈസി ഔദ്യോഗികമായി അറിയിച്ചത്.
അതേസമയം ഫ്ളവറിനെ കോച്ചായി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ടീം ഉടമ സഞ്ജീവ് ഗോയങ്ക അറിയിച്ചു. ഒരു പരിശീലകനെന്ന നിലയിലും, കളിക്കാരനെന്ന നിലയിലും ക്രിക്കറ്റ് ചരിത്രത്തിൽ വ്യക്‌തി മുദ്ര പതിപ്പിച്ച വ്യക്‌തിയാണ് ഫ്ലവർ. അദ്ദേഹത്തിന്‍റെ പ്രൊഫഷണലിസത്തെ ഞങ്ങൾ മാനിക്കുന്നു. ഞങ്ങളുടെ കാഴ്‌ചപ്പാടുകൾക്കൊപ്പം പ്രവർത്തിച്ച് ടീമിന് മികച്ച മൂല്യങ്ങൾ നേടിത്തരുമെന്ന് പ്രതീക്ഷിക്കുന്നു, അദ്ദേഹം പ്രതികരിച്ചു.
പുതിയ ടീമിനൊപ്പം പ്രവർത്തിക്കാനാകുന്നത് തന്നെ ആവേശഭരിതനാക്കുന്നുവെന്ന് ഫ്ലവറും അഭിപ്രായപ്പെട്ടു. ലഖ്‌നൗ ഫ്രാഞ്ചെസിക്കൊപ്പം ചേരാൻ സാധിച്ചത് ആവേശ ഭരിതനാക്കുന്നു. ഒരു ഐപിഎൽ ടീമിനെ നയിക്കുക എന്നത് വളരെ വലിയ പദവിയാണ്. ടീമിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഞാൻ കാത്തിരിക്കുകയാണ്, ഫ്ലവർ പറഞ്ഞു.
ALSO READ:ISL: വി പി സുഹൈറിന് ഗോൾ; ഈസ്റ്റ് ബംഗാളിനെ തകർത്ത് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
അതേസമയം ലഖ്‌നൗ ഫ്രാഞ്ചൈസിയുടെ നായകനായി കെ.എൽ രാഹുൽ ചുമതലയേൽക്കുമെന്ന് ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ സീസണ് ശേഷം പഞ്ചാബ് വിടാൻ തീരുമാനിച്ച രാഹുൽ പുതിയ രണ്ട് ഫ്രാഞ്ചൈസികളിൽ ഒന്നിന്‍റെ നായകനാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നേരത്തെ പഞ്ചാബ് കിങ്സിന്‍റെ അസിസ്റ്റന്‍റ് കോച്ചായി പ്രവർത്തിച്ചിട്ടുള്ള ആൻഡി ഫ്ലവർ ലഖ്‌നൗവിൽ എത്തിയതിനാൽ രാഹുലും ടീമിലേക്കെത്തുമെന്നാണ് സൂചന.