വിജയവാഡ :രാഷ്ട്രീയത്തില്‍ പുതിയ ഇന്നിങ്സിന് തുടക്കമിട്ട് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റര്‍ അമ്പാട്ടി റായിഡു (Ambati Rayudu). ആന്ധ്രാപ്രദേശിലെ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസിൽ ചേര്‍ന്നിരിക്കുകയാണ് താരം. (Former Indian cricketer Ambati Rayudu joins YSRCP). മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡിയുടെ (Andhra Chief Minister YS Jagan Mohan Reddy) സാന്നിധ്യത്തിലാണ് 38-കാരനായ അമ്പാട്ടി റായിഡു പാര്‍ട്ടിയില്‍ ചേര്‍ന്നിരിക്കുന്നത്.
ഉപമുഖ്യമന്ത്രി നാരായണസ്വാമിയും രാജംപേട്ട് എംപി മിഥുൻ റെഡ്ഡിയും റായിഡുവിന് ഒപ്പമുണ്ടായിരുന്നു. താരത്തിന്റെ വരവിലൂടെ കൂടുതല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് വൈഎസ്ആർ കോൺഗ്രസ് നേതൃത്വം കണക്ക് കൂട്ടുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2023-ന് ശേഷം അമ്പാട്ടി റായിഡു സജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു.
ഇതിന് പിന്നാലെ തന്നെ, താന്‍ രാഷ്ട്രീയത്തിലേക്ക് എന്ന സൂചനയും താരം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുമായി ഒന്നിലേറെ തവണ അമ്പാട്ടി റായിഡു കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഗുണ്ടൂർ സ്വദേശിയായ അമ്പാട്ടി റായിഡു അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ വൈഎസ്ആർ ടിക്കറ്റില്‍ മത്സരിക്കുമെന്ന് നേരത്തേ തന്നെ അഭ്യൂഹങ്ങള്‍ ശക്തമാണ്.
മച്ചിലിപട്ടണമാവും താരത്തിന് ഏറ്റവും യോജിച്ചതെന്ന് പാര്‍ട്ടിക്കുള്ളില്‍ നേരത്തെ തന്നെ ചര്‍ച്ചയുണ്ട്. അതേസമയം ഇന്ത്യയ്ക്കായി ആറ് ടി20 മത്സരങ്ങളും 55 ഏകദിനങ്ങളും കളിച്ച താരമാണ് അമ്പാട്ടി റായിഡു. ഏകദിനത്തില്‍ 47.06 ശരാശരിയില്‍ 1694 റണ്‍സാണ് 38-കാരന് അടിച്ചിട്ടുള്ളത്.
ALSO READ: സെഞ്ചൂറിയനിലെ ബൗളിങ് പിഴവുകള്‍, ടീം ഇന്ത്യ ഷമിയെ 'മിസ്' ചെയ്യുന്നുവെന്ന് ദിനേശ് കാര്‍ത്തിക്