ലെസ്റ്റര്‍ഷെയര്‍: ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത് ഇന്ത്യയുടെ വെറ്ററന്‍ ബാറ്റര്‍ അജിങ്ക്യ രഹാനെ. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് പിന്നാലെ ഇംഗ്ലീഷ് കൗണ്ടി ടീമായ ലെസ്റ്റർഷെയറിനായി കളിക്കാനായിരുന്നു നേരത്തെ രഹാനെ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ 35-കാരനായ താരം ഇടവേള ആവശ്യപ്പെട്ടതായി ക്ലബ് അറിയിച്ചു.
ഓഗസ്റ്റ്, സെപ്‌റ്റംബർ മാസങ്ങളിൽ ക്രിക്കറ്റിൽ നിന്നും ഇടവേള എടുക്കാൻ രഹാനെ ആഗ്രഹം പ്രകടിപ്പിച്ചതായാണ് ലെസ്റ്റർഷെയര്‍ വ്യക്തമാക്കിയിരിക്കുന്നത്. "അജിങ്ക്യ രഹാനയുടെ അവസ്ഥയെക്കുറിച്ച് ഞങ്ങൾ പൂർണ്ണമായി മനസ്സിലാക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളിൽ അദ്ദേഹം ഇന്ത്യയിലും ദേശീയ ടീമിനൊപ്പമുള്ള യാത്രയിലും തിരക്കേറിയ ഷെഡ്യൂൾ അനുഭവിച്ചിട്ടുണ്ട്.
ഇതില്‍ നിന്നും വിട്ടുനില്‍ക്കാനും കുടുംബത്തോടൊപ്പം കുറച്ച് സമയം ചെലവഴിക്കാനുമുള്ള അദ്ദേഹത്തിന്‍റെ ആഗ്രഹം ഞങ്ങൾ അംഗീകരിക്കുന്നു. ഞങ്ങൾ അജിങ്ക്യയുമായി നിരന്തരം ആശയവിനിമയം നടത്തുകയും ക്രിക്കറ്റിൽ സാഹചര്യങ്ങൾ എങ്ങനെ വേഗത്തിൽ മാറുമെന്ന് അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. ഒരു ദിവസം അദ്ദേഹം ലെസ്റ്റർഷെയറിന് വേണ്ടി കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു", ക്ലബ് പ്രസ്‌താവനയില്‍ അറിയിച്ചു. ഓസ്‌ട്രേലിയൻ താരം പീറ്റർ ഹാൻഡ്‌സ്‌കോംബാണ് രഹാനെയ്ക്ക് പകരക്കാരന്‍.
അതേസമയം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിലവില്‍ രഹാനെയുടെ ഭാവി ചോദ്യ ചിഹ്നമാണ്. മോശം പ്രകടനത്തിന്‍റെ പേരില്‍ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായ താരം 18 മാസങ്ങള്‍ നീണ്ട ഇടവേളയ്‌ക്ക് ശേഷം തിരികെ എത്തിയിരുന്നു. ആഭ്യന്തര ക്രിക്കറ്റിലും തുടര്‍ന്ന് ഐപിഎല്ലിലും തിളങ്ങിയതോടെയാണ് രഹാനെയെ വീണ്ടും ഇന്ത്യന്‍ ടീമിനൊപ്പം കൂട്ടിയത്.
മടങ്ങി വരവില്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലായിരുന്നു രഹാനെ ഇന്ത്യയ്‌ക്കായി ആദ്യം കളിച്ചത്. മത്സരത്തില്‍ ഇന്ത്യ ദയനീയ തോല്‍വി വഴങ്ങിയെങ്കിലും രഹാനെയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. ഇതോടെ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ വൈസ് ക്യാപ്റ്റനായും താരത്തെ തെരഞ്ഞെടുത്തു.