കാബൂള്‍: പാകിസ്ഥാൻ- അഫ്‌ഗാനിസ്ഥാൻ ഏകദിന പരമ്പര മാറ്റിവെയ്‌ക്കാൻ സാധ്യത. നേരത്തെ ശ്രീലങ്കയിലാണ് പരമ്പര നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ശ്രീലങ്കയിൽ കൊവിഡ് വ്യാപനം കാരണം സമ്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനാലാണ് പരമ്പര മാറ്റിവെയ്‌ക്കാൻ ഇരു ടീമുകളും തീരുമാനിച്ചത്. സെപ്റ്റംബർ മൂന്ന് മുതലാണ് മൂന്ന് മത്സരങ്ങളുടെ പരമ്പര നിശ്ചയിച്ചിരുന്നത്.
"കാബൂളിൽ വിമാന സർവ്വീസുകൾ പ്രവർത്തുക്കുന്നില്ല. ശ്രീലങ്കയിൽ കൊവിഡ് കേസുകൾ വർദ്ധിച്ചു. അതിനാൽ പരമ്പര 2022ലേക്ക് മാറ്റിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് അഫ്‌ഗാൻ ക്രിക്കറ്റ് ബോർഡ് അഭ്യർഥിച്ചിരുന്നു. പരമ്പര നടത്താൻ അഫ്‌ഗാൻ ക്രിക്കറ്റ് ബോർഡുമായി പ്രവർത്തിക്കാൻ ഞങ്ങൾ തയ്യാറാണ്. എന്നാൽ അവരുടെ അവസ്ഥ മനസിലാക്കി മത്സരം 2022 ലേക്ക് പുനക്രിമീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്, പാക് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
ആദ്യം പരമ്പര യു.എ.ഇയിൽ നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഐ.പി.എൽ രണ്ടാം ഘട്ട മത്സരങ്ങളുടെ ഒരുക്കങ്ങൾ കാരണം മത്സരം ശ്രീലങ്കയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ശ്രീലങ്കയിൽ കൊവിഡ് രൂക്ഷമായതിനാൽ ദേശവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു. അഫ്‌ഗാൻ ഭരണം താലിബാൻ പിടിച്ചടക്കിയതിനെത്തുടർന്ന് കാബൂളിൽ നിന്നുള്ള വാണിജ്യ വിമാന സർവ്വീസുകൾ പ്രവർത്തുക്കുന്നില്ല.