വെല്ലിങ്‌ടണ്‍:ഇന്ന് നെല്‍സണില്‍ നടന്ന ന്യൂസിലൻഡ്-ബംഗ്ലാദേശ് ഏകദിന മത്സരത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. മത്സരം ന്യൂസിലൻഡ് ജയിച്ചു എന്നതല്ല, മറ്റൊരു ഇന്ത്യൻ വംശജൻ കൂടി കിവീസ് ദേശീയ ക്രിക്കറ്റ് ടീമിന് വേണ്ടി ജഴ്‌സിയണിഞ്ഞു എന്നതാണ്. പേര് ആദിത്യ അശോക്.
അടുത്തിടെ ഇന്ത്യയിൽ നടന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ ന്യൂസിലൻഡ് ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തിയ രചിൻ രവീന്ദ്രയെ (Rachin Ravindra) ഓർമയില്ലേ... സച്ചിന്‍റെയും രാഹുല്‍ ദ്രാവിഡിന്‍റെയും പേരുകളിലെ ചേർച്ചയും അതിനൊപ്പം മികച്ച ബാറ്റിങ് പ്രകടനവും കൂടിയായപ്പോൾ രചിൻ രവീന്ദ്ര ശരിക്കും ഇന്ത്യൻ ആരാധകർക്കും ഇഷ്‌ടതാരമായിരുന്നു. അദ്ദേഹത്തിന്‍റെ ഇന്ത്യൻ വേരുകളും കുടുംബ പശ്‌ചാത്തലവും ബന്ധുക്കളും എല്ലാം മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.
അതേ രചിൻ രവീന്ദ്രയ്ക്ക് ഒപ്പമാണ് ഇന്ന് ആദിത്യയും കിവീസ് ടീമിന് വേണ്ടി ആദ്യ ഏകദിന മത്സരം കളിച്ചതെന്നതും കൗതുകം. ( Indian Origin New Zealand players). 2002 സെപ്റ്റംബറിൽ തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് ആദിത്യ അശോക് ജനിച്ചത്. (Who is Adithya Ashok). 2006-ൽ ആദിത്യയ്ക്ക് 4 വയസ്സുള്ളപ്പോഴാണ് അദ്ദേഹത്തിന്‍റെ കുടുംബം ന്യൂസിലൻഡിലെ ഓക്ക്‌ലൻഡിലേക്ക് താമസം മാറുന്നത്.
അഞ്ചാം വയസ്സിൽ ക്രിക്കറ്റിനോടുള്ള അഭിനിവേശം തുടങ്ങിയ ആദിത്യ, ന്യൂസിലൻഡ് ആഭ്യന്തര ക്രിക്കറ്റില്‍ ഓക്ക്‌ലൻഡിനായി മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് ദേശീയ ശ്രദ്ധയിലെത്തുന്നത്. 2020-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ഐസിസി അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ന്യൂസിലൻഡ് അണ്ടർ 19 ടീമിന് വേണ്ടി കളത്തിലിറങ്ങിയ ആദിത്യ ദുബായിൽ യുഎഇയ്‌ക്കെതിരെ നടന്ന ടി20 മത്സരത്തിൽ ന്യൂസിലൻഡ് ദേശീയ ടീമിന്‍റെ ഭാഗമായി.