ദുബായ്:ക്രിക്കറ്റ് ലോകത്തെ ഇന്ത്യ-പാകിസ്ഥാൻ (India vs Pakistan ) ഏറ്റുമുട്ടൽ, അത് ഏത് തലത്തിലായാലും ആരാധക ശ്രദ്ധ ലഭിക്കാറുണ്ട്. സീനിയര്‍ തലത്തില്‍ കഴിഞ്ഞ ഏകദിന ലോകകപ്പിലായിരുന്നു (Cricket World Cup 2023) ചിരവൈരികള്‍ അവസാനമായി നേര്‍ക്കുനേര്‍ എത്തിയത്. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രോഹിത് ശര്‍മയ്‌ക്ക് കീഴില്‍ ഇറങ്ങിയ ആതിഥേയര്‍ പാകിസ്ഥാനെ തകര്‍ത്ത് വിട്ടിരുന്നു.
ഇതിനുശേഷം ദുബായിൽ നടക്കുന്ന അണ്ടർ 19 ഏഷ്യ കപ്പിലാണ് (U19 Asia Cup 2023) വീണ്ടുമൊരു ഇന്ത്യ-പാക് പോരാട്ടമുണ്ടായത്. ഐസിസി അക്കാദമി ഗ്രൗണ്ടില്‍ നടന്ന മത്സരം പാകിസ്ഥാനൊപ്പം നിന്നിരുന്നു. എന്നാല്‍ കളിക്കിടെ ഇന്ത്യയുടെ ഇടങ്കയ്യന്‍ ബാറ്റര്‍ ആദര്‍ശ് സിങ്ങിന്‍റെ (Adarsh Singh ) പുറത്താകല്‍ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. (Adarsh Singh's Unusual Dismissal in U19 Asia Cup 2023)
ഇന്നിങ്‌സിന്‍റെ 32-ാം ഓവറിലാണ് സംഭവം. പാകിസ്ഥാന്‍റെ ഇടങ്കയ്യന്‍ സ്‌പിന്നര്‍ അറഫാത്ത് മിന്‍ഹാസിനെതിരെയായിരുന്നു ആദർശ് സിങ് സ്‌ട്രൈക്ക് ചെയ്‌തിരുന്നത്. അറഫാത്തിന്‍റെ രണ്ടാം പന്തില്‍ മിഡ് വിക്കറ്റിലേക്ക് കളിക്കാനായിരുന്നു ആദർശിന്‍റെ ശ്രമം. എന്നാല്‍ എഡ്‌ജായ പന്ത് കയ്യിലൊതുക്കാനുള്ള പാക് വിക്കറ്റ് കീപ്പറുടെ ശ്രമം പാളിയെങ്കിലും ഇരു കാലുകളിലുമുള്ള പാഡുകള്‍ക്കുള്ളില്‍ കുരുങ്ങി നിന്നു. നിലം തൊടാതിരുന്ന പന്ത് തുടര്‍ന്ന് പാക് വിക്കറ്റ് കീപ്പര്‍ കയ്യിലെടുക്കുക കൂടി ചെയ്‌തതോടെ അമ്പയര്‍ ഔട്ട് വിധിക്കുകയായിരുന്നു. പാക് വിക്കറ്റ് കീപ്പറുടെ ഭാഗ്യം അപാരം തന്നെയാണെന്നാണ് നെറ്റിസണ്‍സിന്‍റെ പക്ഷം.